കോവിഡിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍; അപകടകരമെന്ന് ഡബ്ല്യൂഎച്ച്ഒ

അതിവേഗം പടരുന്നുവെന്നതാണ് ഇന്ത്യന്‍ വകഭേദത്തെ അപകടകരമാക്കുന്നത്. ഇതു കൂടുതല്‍ മാരകവുമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഇന്ത്യയില്‍ കണ്ടെത്തിയ വകഭേദമായ ബി 1.617 നാല്‍പ്പത്തിനാലു രാജ്യങ്ങളില്‍നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). കൊറോ ണയുടെ ഇന്ത്യന്‍ വകഭേദം അപകടകാരിയെന്ന് ഡബ്ല്യൂഎച്ച്ഒ അഭിപ്രായപ്പെട്ടു.

മെയ് പതിനൊന്നു വരെയുള്ള കണക്ക് അനുസരിച്ച് 4500 സ്വീക്വന്‍സുകളാണ് ഇന്ത്യന്‍ വകഭേദത്തിന്റേതായി ജിസെഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണയുടെ ജിനോമിക് ഡേറ്റ കണ്ടെത്തുന്നതിനുള്ള ആഗോള സംരംഭമാണ് ജിസെഡ്. ഡബ്ല്യൂഎച്ച്ഒയുടെ ആറു മേഖലകളില്‍നിന്നായി 44 രാജ്യങ്ങളിലാണ് ബി 1.617 കണ്ടെത്തിയത്. 

അതിവേഗം പടരുന്നുവെന്നതാണ് ഇന്ത്യന്‍ വകഭേദത്തെ അപകടകരമാക്കുന്നത്. ഇതു കൂടുതല്‍ മാരകവുമാണ്. വാക്‌സിനെതിരെ പ്രതിരോധ ശേഷിയുണ്ടോയെന്ന പരിശോധനകള്‍ തുടരുകയാണ്. 

അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ കോവിഡ് ടെക്‌നിക്കല്‍ മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മരിയ പറഞ്ഞു.

ഡബ്ല്യൂഎച്ച്ഒയുടെ പകര്‍ച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പകര്‍ച്ചാ ശേഷി വര്‍ധിക്കുകയാണെന്നാണ് വിവരങ്ങള്‍. ആഗോളതലത്തില്‍ തന്നെ ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദമായാണ് ഡബ്ല്യൂഎച്ച്ഒ ഇതിനെ കാണുന്നതെന്ന് ഡോ. മരിയ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com