187 ജില്ലകളില്‍ കോവിഡ് കേസുകള്‍ കുറയുന്നു; പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ചികിത്സയിലുള്ളത് ഒരു ലക്ഷത്തിലധികം രോഗികള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2021 05:01 PM  |  

Last Updated: 13th May 2021 05:01 PM  |   A+A-   |  

COVID UPDATES INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: മെയ് മൂന്ന് മുതല്‍ രാജ്യത്ത് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഉയരുന്നതായി കേന്ദ്രസര്‍ക്കാര്‍. 187 ജില്ലകളില്‍ തുടര്‍ച്ചയായി കോവിഡ് കേസുകള്‍ കുറയുന്നത് പ്രതീക്ഷ നല്‍കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് പ്രതീക്ഷ നല്‍കുന്നതാണ്. ഒരാഴ്ചക്കിടെ 21.95 ശതമാനത്തില്‍ നിന്ന് 21.02 ശതമാനമായാണ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രതിദിന കോവിഡ് മരണസംഖ്യയില്‍ കാര്യമായി മാറ്റമില്ല.രാജ്യത്തെ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം കോവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്നതായും ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

നിലവില്‍  17.72 കോടി വാക്‌സിന്‍ ഡോസുകളാണ് ജനങ്ങള്‍ സ്വീകരിച്ചത്. കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരണം. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ ഛത്തീസ്ഗഡിലെ റായ്പൂരില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 54.6 ശതമാനം വരെ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഇത് 19 ശതമാനമായി കുറച്ചുകൊണ്ടുവരാന്‍ സാധിച്ചതായി ലാവ് അഗര്‍വാള്‍ പറഞ്ഞു.