മത, രാഷ്ട്രീയ പരിപാടികള്‍ ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കി: ലോകാരോഗ്യ സംഘടന 

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന
ഡബ്ല്യുഎച്ഒ/ ഫയൽ
ഡബ്ല്യുഎച്ഒ/ ഫയൽ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകാന്‍ രാഷ്ട്രീയ, മതപരമായ പരിപാടികള്‍ കാരണമായതായി ലോകാരോഗ്യ സംഘടന. വിവിധ മത, രാഷ്ട്രീയ
പരിപാടികളില്‍ ആളുകള്‍ ഒത്തുകൂടിയത് കോവിഡ് കേസുകള്‍ ഉയരുന്നതിന് ഒരു പ്രധാന കാരണമായി മാറിയതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം ആഞ്ഞടിക്കാന്‍ നിരവധി കാരണങ്ങളാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിക്കുന്നത്. ഇതില്‍ പ്രധാന കാരണമായാണ് രാഷ്ട്രീയ, മതപരമായ പരിപാടികളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം പരിപാടികളില്‍ ആളുകള്‍ കൂട്ടത്തോടെ ഒത്തുകൂടിയത് വ്യാപനത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വരെ പലരും വീഴ്ച വരുത്തി. ഇതിന് പുറമേ വര്‍ധിച്ച തോതിലുള്ള കോവിഡ് വകഭേദങ്ങളുടെ സാന്നിധ്യവും വ്യാപനത്തിന് കാരണമാകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ഈ കാരണങ്ങളുടെ പങ്കിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞമാസമാണ് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ തോതിലുള്ള ആള്‍ക്കൂട്ടമാണ് ദൃശ്യമായത്. ഇതിന് പുറമേ അടുത്തിടെ നടന്ന കുംഭമേളയില്‍ പങ്കെടുത്ത നിരവധിപ്പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തകളായി പുറത്തുവന്നിരുന്നു.

കോവിഡ് കേസുകള്‍ ഉയരുന്നതിലും മരണസംഖ്യ വര്‍ധിക്കുന്നതിലും പ്രധാന കാരണം ബി.1.617 എന്ന മാരക വൈറസ് വകഭേദമാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ സാന്നിധ്യം സംബന്ധിച്ചും മറ്റു വകഭേദങ്ങളുടെ വ്യാപനവുമായി ബന്ധപ്പെട്ടും നിരവധി ചോദ്യങ്ങള്‍ ഉയരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറിലാണ് ബി.1.617 വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയത്. ഇതാകാം കോവിഡ് കേസുകള്‍ ഉയരാന്‍ പ്രധാന കാരണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com