1.92 കോടി സൗജന്യ വാക്‌സിനുകള്‍ കൂടി ഉടന്‍ സംസ്ഥാനങ്ങള്‍ക്ക്: കേന്ദ്രസര്‍ക്കാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th May 2021 04:56 PM  |  

Last Updated: 14th May 2021 04:56 PM  |   A+A-   |  

covid vaccination

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: പതിനഞ്ചുദിവസത്തിനകം 1.92 കോടി വാക്‌സിന്‍ ഡോസുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ് 16നും 31നും ഇടയിലാണ് കോവിഡ്  വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യുകയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കി വ്യാപനം തടയാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങള്‍. എന്നാല്‍ വാക്‌സിന്‍ ലഭ്യത പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കൂടുതല്‍ വാക്‌സിന്‍ ആവശ്യപ്പെട്ട് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതല്‍ വാക്‌സിന്‍ അനുവദിച്ചതായി കേന്ദ്രം അറിയിച്ചത്.

1.62 കോടി കോവിഷീല്‍ഡ് ഡോസുകളും 29 ലക്ഷം കോവാക്‌സിന്‍ ഡോസുകളുമാണ് വരും ദിവസങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്യുക. മെയ് ഒന്നിനും പതിനഞ്ചിനും ഇടയില്‍ 1.7 കോടി വാക്‌സിനാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്രം അനുവദിച്ചത്.