പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മരിച്ചവരുടെ അന്തസ്സിന്‌ കോട്ടമുണ്ടാക്കരുത്, സംസ്കാരത്തിന് നിയമനിർമാണം വേണം: മനുഷ്യാവകാശ കമ്മിഷൻ 

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ

ഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ പ്രത്യേക നിയമനിർമാണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ. മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നെന്ന റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കമ്മീഷന്റെ ഇടപെടൽ. മരിച്ചവരുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കുന്ന സമീപനം ഒഴിവാക്കണമെന്ന് കമ്മിഷൻ നിർദേശിച്ചു. 

മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നത് ഒഴിവാക്കണമെന്നും മൃതദേഹങ്ങൾക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങൾ തടയേണ്ടതും ഭരണകൂടത്തിന്റെ കടമയാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് മരണങ്ങൾ വർധിക്കുന്നതിനാൽ അധികൃതരോട് താല്ക്കാലിക ശ്മശാനങ്ങൾ നിർമിക്കാനും നിർദേശിച്ചിട്ടുണ്ട്. 

മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് ശ്മശാനത്തിലെ ജീവനക്കാർ ബോധവാന്മാരായിരിക്കണം. അവർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കണം. മരിച്ചവരുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി അന്ത്യകർമങ്ങൾ നടത്താനുളള നടപടികൾ പ്രദേശിക ഭരണകൂടം സ്വീകരിക്കണം. വലിയതോതിൽ ചിത കത്തുന്നതിലൂടെ ഉയരുന്ന പുക ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാതിരിക്കാനായി വൈദ്യുത ശ്മശാനങ്ങൾ പ്രോത്സാഹിപ്പിക്കണം.

ആഭ്യന്തരമന്ത്രാലയം, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങൾ എന്നിവയ്ക്ക് ഇതുസംബന്ധിച്ച് വിശദമായ നിർദേശങ്ങൾ മനുഷ്യാവകാശ കമ്മിഷൻ അയച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com