ഒഴുകിയെത്തിയത് 2000 മൃതദേഹങ്ങള്‍; അഴുകിയ മനുഷ്യാവശിഷ്ടങ്ങള്‍ക്ക് ചുറ്റും വട്ടമിട്ട് നായ്ക്കളും കാക്കകളും, ' ദുരവസ്ഥ'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th May 2021 04:02 PM  |  

Last Updated: 15th May 2021 04:18 PM  |   A+A-   |  

dead-body-ganga

ഗംഗയില്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങളില്‍ ഒന്ന്/ ചിത്രം: ട്വിറ്റര്‍ന്യൂഡല്‍ഹി: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴികി നടന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും വിവിധ ജില്ലകളില്‍ ഒഴുകിയെത്തിയ നിലയില്‍ കണ്ടെത്തിയത് 2000ന് മുകളില്‍ മൃതദേഹങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയതായി ഏഷ്യന്‍ ഏജ് റിപ്പോര്‍ട്ട് ചെയ്തു. 

ഗംഗയുടെ തീരത്തെ ഉള്‍ഗ്രാമങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെതാണ് ഇതില്‍ ഭൂരിഭാഗവും.സംസ്‌കരിക്കാന്‍ വഴിയില്ലാതെ വന്നതോടെ, ഗ്രാമവാസികള്‍ മൃതദേഹങ്ങള്‍ നദിയില്‍ ഒഴുക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

നദിയില്‍ മൃതദേഹങ്ങള്‍ ഒഴുക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ യുപി, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍, ഗാസിപ്പൂര്‍,ഉന്നാവോ ജില്ലകളിലാണ് കൂടുതലും മൃതദേഹങ്ങള്‍ ഒഴുക്കിയിരിക്കുന്നത്. മൃതദേഹങ്ങള്‍ ഒഴുക്കുന്നത് തടയാനായി പൊലീസ് നദിയില്‍ പെട്രോളിങ് നടത്തുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്നാണ് കൂടുതല്‍ മൃതദേഹങ്ങള്‍ വന്നതെന്ന് നേരത്തെ ബിഹാര്‍ ഭരണകൂടം ആരോപിച്ചിരുന്നു. 

അതേസമയം, മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ച പ്രദേശങ്ങളില്‍ നിന്ന് ലഭിക്കുന്നത് അതിദാരുണമായ റിപ്പോര്‍ട്ടുകളാണ്. കനൗജിലെ മഹാദേവി ഗാഘട്ടില്‍ 350 മൃതദേഹങ്ങളാണ് സംസ്‌കരിച്ചതെന്ന് ദൈനിത് ഭാസ്‌കര്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഗംംഗാ നദിക്കരയില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഒഴുകിപ്പോവുകയായിരുന്നുവെന്ന് ഘാട്ടിലെ ജീവനക്കാരന്‍ പറഞ്ഞു. 

കാന്‍പൂരിലെ ഘാട്ടില്‍ സംസ്‌കരിച്ചത് 400 മൃതദേഹങ്ങളാണ്. പല മൃതദേഹങ്ങളും നായ്ക്കളും പക്ഷികളും കടിച്ചു കീറുന്ന അവസ്ഥയിലാണ് കാണപ്പെട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പൊലീസെത്തി ഇതില്‍ മണ്ണിട്ടു മൂടി. 

ഉന്നാവോയിലാണ് ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവിടെ 900 മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ശുക്ലഗഞ്ച്, ബക്‌സര്‍ ഘാട്ടുകളിലെ സ്ഥിതി ഭീകരമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അഴുകിയ മൃതാവശിഷ്ടങ്ങള്‍ നിറയെയുള്ള ഇവിടെ നായക്കളും കാക്കളും താവളമാക്കിയിരിക്കുകയാണ്. 

ഫത്തേപ്പൂരില്‍ 20, പ്രയാഗ്‌രാജ്, വാരണാസി, മിര്‍സാപൂര്‍ എന്നിവിടങ്ങളില്‍ 50, ഗാസിപ്പൂരില്‍ 180, ബലിയ 15 എന്നിങ്ങനെയാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.