'കോവിഡ് ചെറുക്കുന്നതിൽ സർക്കാരിനും ഉദ്യോ​ഗസ്ഥർക്കും അലംഭാവം ഉണ്ടായി; മുന്നറിയിപ്പ് അവ​ഗണിച്ചു'- കേന്ദ്രത്തെ വിമർശിച്ച് ആർഎസ്എസ് 

'കോവിഡ് ചെറുക്കുന്നതിൽ സർക്കാരിനും ഉദ്യോ​ഗസ്ഥർക്കും അലംഭാവം ഉണ്ടായി; മുന്നറിയിപ്പ് അവ​ഗണിച്ചു'- കേന്ദ്രത്തെ വിമർശിച്ച് ആർഎസ്എസ് 
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം വ്യാപനം ചെറുക്കുന്നതിൽ സർക്കാരിന് അലംഭാവം ഉണ്ടായെന്ന വിമർശനവുമായി ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാ​ഗവത്. മഹാമാരിയെ നേരിടുന്നതില്‍ രാജ്യത്ത് അശ്രദ്ധ പ്രകടമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേ​ഹം വിമർശനം ഉന്നയിച്ചത്. 

ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍, സര്‍ക്കാരുകള്‍, ഭരണകൂടങ്ങള്‍ എന്നിവയെല്ലാം അശ്രദ്ധ പ്രകടമാക്കി. രണ്ടാം തരംഗം വരുന്നുവെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും നാം അലംഭാവം കാട്ടി. 

മൂന്നാം തരംഗം വരുന്നുവെന്നാണ് അപ്പോള്‍ പറയുന്നത്. അതുകേട്ട് നമ്മള്‍ ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച് കോവിഡിനെ പൊരുതി തോല്‍പ്പിക്കണോ? എന്നും അദ്ദേഹം ചോദിച്ചു. 

രാജ്യം ഭാവിയെ മുന്നില്‍ക്കണ്ട് മുന്നേറണമെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്നത്തെ അനുഭവങ്ങളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇന്ന് സംഭവിച്ച തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട്, മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നേ‌‌ടണം. ഇന്ത്യക്കാര്‍ മഹാമാരിക്കെതിരെ സമ്പൂര്‍ണ വിജയം നേടണമെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com