നാക്ക് വരളുന്നത് കോവിഡ് ലക്ഷണമോ?; ഡോക്ടര്‍മാര്‍ പറയുന്നു

നാക്ക് വരളുന്നത് കോവിഡിന്റെ ലക്ഷണമാകാമെന്നാണ് പുതിയ കണ്ടെത്തല്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ബംഗളൂരു: ഓരോ ദിവസം കഴിയുന്തോറും കോവിഡിന്റെ പുതിയ ലക്ഷണങ്ങള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.നാക്ക് വരളുന്നത് കോവിഡിന്റെ ലക്ഷണമാകാമെന്നാണ് പുതിയ കണ്ടെത്തല്‍. ബംഗളൂരുവിലെ ഡോക്ടര്‍മാരാണ് നിരീക്ഷണം നടത്തിയത്.

അമിത രക്തസമ്മര്‍ദ്ദത്തിന് മരുന്ന് കഴിക്കുന്ന 55കാരനാണ് നാക്ക് വരളുന്നു എന്ന് പറഞ്ഞ് ബംഗളൂരുവില്‍ ചികിത്സ തേടിയെത്തിയത്. സംശയം തോന്നിയ താന്‍ ആര്‍ടി- പിസിആര്‍ ടെസ്റ്റ് നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം വന്നപ്പോള്‍ രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതായി കോവിഡ് ദൗത്യസംഘത്തിലെ അംഗമായ ഡോ. ജി ബി സത്തൂര്‍ പറയുന്നു. 

'ആദ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു. ഇത് സാധാരണനിലയിലായിരുന്നു. രക്തത്തില്‍ അണുബാധ ഉണ്ടോ എന്ന് അറിയാന്‍ സഹായിക്കുന്ന ഇഎസ്ആര്‍ നിരക്ക് ഉയര്‍ന്ന തോതിലായിരുന്നു. ചെങ്കണ്ണ് കോവിഡിന്റെ ഒരു ലക്ഷണമാകാം എന്ന് മുന്‍പ് വായിച്ചിട്ടുണ്ട്. രോഗിക്ക് പനി ഉണ്ടായിരുന്നില്ല. ക്ഷീണവും നാക്ക് വരളുന്ന പ്രശ്‌നവും ഉണ്ടായിരുന്നു. ഇതോടെ ആര്‍ടി-പിസിആര്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചു. പരിശോധനാഫലം പോസിറ്റീവായിരുന്നു' - ഡോക്ടര്‍ പറയുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയും രോഗി പിന്നീട്‌ രോഗമുക്തി നേടുകയും ചെയ്തതായി ഡോ. സത്തൂര്‍ പറയുന്നു.

എന്നാല്‍ പുതിയ രോഗലക്ഷണത്തിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പുതിയ കോവിഡ് വകഭേദങ്ങളുടെ സാന്നിധ്യമാണ് ഈ രോഗലക്ഷണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. ചൊറിച്ചില്‍, മൗത്ത് അള്‍സര്‍ ഉള്‍പ്പെടെ വായിലെ അസ്വസ്ഥതകള്‍ കോവിഡിന്റെ ലക്ഷണങ്ങളാകാമെന്നാണ് ദൗത്യസംഘത്തിലെ അംഗമായ ഡോ. സത്തൂര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com