നാരദ കൈക്കൂലി കേസ്: രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍ 

നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു പേര്‍ സിബിഐ കസ്റ്റഡിയില്‍
മന്ത്രി ഫിര്‍ഹാദ് ഹക്കിം/ പിടിഐ
മന്ത്രി ഫിര്‍ഹാദ് ഹക്കിം/ പിടിഐ

ന്യൂഡല്‍ഹി: നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു പേര്‍ സിബിഐ കസ്റ്റഡിയില്‍.  മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം , സുബ്രതോ മുഖര്‍ജി എന്നിവരുടെയും മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ, മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് എന്നിവരുടെയും അറസ്റ്റ് ഉടന്‍ തന്നെ രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ നടപടി.

ഇന്ന രാവിലെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മന്ത്രി ഫിര്‍ഹാദ് ഹക്കിമിനെ വീട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മന്ത്രിയെ കസ്റ്റഡിയിലെടുത്തത് നിയമപരമല്ല എന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. മന്ത്രിമാര്‍ക്ക് പുറമേ മുന്‍ മന്ത്രി മദന്‍ മിത്ര, സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്. 

പ്രതികള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സ്റ്റിങ് ഓപ്പറേഷനിലൂടെയാണ് ഇവര്‍ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവന്നത്. എംഎല്‍എമാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സ്പീക്കറുടെ അനുമതി വാങ്ങിയില്ല എന്ന ആക്ഷേപമാണ് ഉയരുന്നത്. പകരം അനുമതിക്കായി സിബിഐ ഗവര്‍ണറെ സമീപിക്കുകയായിരുന്നു. ജനുവരിയിലാണ് സിബിഐ ഗവര്‍ണറെ സമീപിച്ചത്. 

തനിക്ക് മുന്നില്‍ 2011ല്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തവര്‍ ആയതുകൊണ്ട് ഇവര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ സിബിഐക്ക് അനുമതി നല്‍കാന്‍ അധികാരമുണ്ടെന്നാണ് ഗവര്‍ണറുടെ വാദം. കഴിഞ്ഞ മമത സര്‍ക്കാരിന്റെ കാലത്ത് 2014ലാണ് നാലുമന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്തുവന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com