കോവിഡിനുള്ള ഡിആർഡിഒയുടെ മരുന്ന് ഇന്ന് പുറത്തിറക്കും; ആദ്യ വിതരണം ഡൽഹിയിൽ

ഡൽഹിയിലെ വിവിധ ആശുപത്രികളിലാണ് ആദ്യം മരുന്ന് വിതരണം ചെയ്യുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി; കോവിഡ് രോ​ഗികൾക്കായുള്ള പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് ഇന്ന് പുറത്തിറങ്ങും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് പത്തരക്ക് നടക്കുന്ന വിഡിയോ കോൺഫറൻസിലൂടെ മരുന്ന് പുറത്തിറക്കുക. ഡൽഹിയിലെ വിവിധ ആശുപത്രികളിലാണ് ആദ്യം മരുന്ന് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ പതിനായിരം ഡോസ് പുറത്തിറക്കാനാണ് തീരുമാനം. 

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തിൽ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികൾക്കാവും ഈ മരുന്ന് നൽകുക. ഈ മരുന്ന് നൽകുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്സിജൻ നില പൂർവാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തിൽ തെളിഞ്ഞത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബാണ് മരുന്ന്  വികസിപ്പിച്ചെടുത്തത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.

രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലമാണു മരുന്നു കാണിച്ചത്. കോവിഡ് രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തൽ. കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മരുന്ന് പുറത്തുവരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com