പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'മാന്യമായി വിട നല്‍കണം', കോവിഡ് ബാധിച്ച അനാഥ മൃതദേഹങ്ങള്‍ സംസ്‌കരിച്ച് ദമ്പതികള്‍; വേറിട്ട മാതൃക

ദുവനേശ്വരില്‍ നിന്നുള്ള 48കാരനായ പ്രദീപും 36കാരിയായ മധുസ്മിതയുമാണ് ദുരിതകാലത്ത് വേറിട്ട പ്രവൃത്തിയിലൂടെ ഏവരെയും വിസ്മയിപ്പിച്ചത്

ഭുവനേശ്വര്‍: കോവിഡ് പേടിച്ച് അവശ്യഘട്ടങ്ങളില്‍ പോലും ബന്ധുക്കള്‍ സഹായത്തിന് എത്താത്തതിന്റെ നിരവധി നൊമ്പരപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ഇടയിലും മനുഷ്യത്വത്തിന്റെ മുഖമുള്ള ചിലരുടെ പ്രവൃത്തികളാണ് മനുഷ്യരാശിക്ക് പ്രതീക്ഷ നല്‍കുന്നത്. അത്തരത്തില്‍ കോവിഡില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോഴും സഹജീവികളോട് സ്‌നേഹം വാക്കുകളില്‍ മാത്രം ഒതുക്കാതെ, പ്രവൃത്തിയിലൂടെ പ്രകടിപ്പിച്ച് മാതൃകയാകുകയാണ് ഒഡീഷയില്‍ നിന്നുള്ള ദമ്പതികള്‍.

ദുവനേശ്വരില്‍ നിന്നുള്ള 48കാരനായ പ്രദീപും 36കാരിയായ മധുസ്മിതയുമാണ് ദുരിതകാലത്ത് വേറിട്ട പ്രവൃത്തിയിലൂടെ ഏവരെയും വിസ്മയിപ്പിച്ചത്.സ്വീകരിക്കാന്‍ ബന്ധുക്കളോ ഉറ്റവരോ ഇല്ലാതെ, മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചാണ് ഇവര്‍ സമൂഹത്തിന് സന്ദേശം നല്‍കുന്നത്. കോവിഡ് ബാധിച്ച ഒറ്റകാരണത്താല്‍ ബന്ധുക്കള്‍ പോലും മൃതദേഹങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ആരും അവകാശപ്പെടാന്‍ ഇല്ലാത്ത എട്ടു മൃതദേഹങ്ങള്‍ക്കും 30ലധികം കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ക്കും അന്തസോടെയുള്ള വിട നല്‍കിയത്. 

കോവിഡ് പകരുമോ എന്ന് ഭയന്ന് മരിച്ചവരുടെ മൃതദേഹം സംസ്‌കരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് നിരവധി കുടുംബാംഗങ്ങള്‍ വിളിച്ചിട്ടുള്ളതായി പ്രദീപ് പറയുന്നു. പിപിഇ കിറ്റും ഗ്ലൗസും മാസ്‌കും ധരിച്ചാണ് ഓരോരുത്തരുടെയും ചടങ്ങുകള്‍ നടത്തുന്നത്. ഇതിന് പുറമേ ആരും അവകാശപ്പെടാനില്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കണമെന്നാവശ്യപ്പെട്ട് പൊലീസുകാരും വിളിക്കാറുണ്ടെന്നും പ്രദീപ് പറയുന്നു.

റെയില്‍വേ ട്രാക്കിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ സംസ്‌കരിച്ചാണ് തുടക്കം. മൃതദേഹങ്ങള്‍ക്കും അന്തസ് ഉണ്ട് എന്ന തിരിച്ചറിവാണ് ഇത്തരം പ്രവൃത്തിയിലേക്ക് കടക്കാന്‍ പ്രേരിപ്പിച്ചത്. മരിച്ചതിന്റെ കാരണം പോലും അറിയാതെ നിരവധി ഭിക്ഷക്കാരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിട്ടുള്ളതായി പ്രദീപ് പറയുന്നു. ആരും അവകാശപ്പെടാന്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംബന്ധിച്ച് പൊലീസുകാരാണ് വിളിച്ചു അറിയിക്കുക. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. ബന്ധുക്കള്‍ക്കായി മൂന്നോ നാലോ ദിവസം കാത്തുനില്‍ക്കും. എന്നിട്ടും ആരും എത്തിയില്ലെങ്കില്‍ തങ്ങളുടെ വണ്ടിയില്‍ കയറ്റി മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുപോയി സംസ്‌കരിക്കുന്നതാണ് പതിവെന്നും പ്രദീപ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com