കോവിഡ് മാറ്റുന്ന 'ദിവ്യമരുന്ന്' വാങ്ങാനെത്തിയത് ആയിരങ്ങൾ; സൗജന്യ വിതരണം നിർത്തിച്ച് സർക്കാർ, ഐസിഎംആർ പരിശോധന 

കോവിഡ് ബാധിതർ, പനി ഉള്ളവർ, കോവിഡിന്റെ മറ്റ് ലക്ഷണങ്ങൾ ഉള്ളവർ എന്നിങ്ങനെ രോ​ഗികളെ മൂന്നായ തരംതിരിച്ചാണ് മരുന്ന് നൽകുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

‌‌‌

അമരാവതി: കോവിഡിനെ തുരത്തുന്ന ദിവ്യമരുന്ന് വാങ്ങാൻ ഇരച്ചെത്തി ജനക്കൂട്ടം. ആയുർവേദ ഡോക്ടറെന്ന് സ്വയം അവകാശപ്പെടുന്ന ആൾ കോവിഡിനെ ചെറുക്കുന്ന മരുന്ന്  വിതരണം ചെയ്യുന്നുണ്ടെന്ന് അറിഞ്ഞാണ് ആയിരക്കണക്കിന് ആളുകൾ എത്തിയത്. ബോനിഗി ആനന്ദ് എന്നയാളാണ് കോവിഡ് സുഖപ്പെടുമെന്ന് അവകാശപ്പെട്ട് മരുന്നു വിതരണം ചെയ്തത്.

ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിലുള്ള കൃഷ്ണപട്ടണം എന്ന ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ പത്തു ദിവസമായി ബോനിഗി സ്വയം വികസിപ്പിച്ച മരുന്ന് വിതരണം ചെയ്യുകയാണ്. ശാസ്ത്രീയ അടിത്തറയൊന്നുമില്ലാതെ കോവിഡ് മാറുമെന്ന് ആളുകളെ വിശ്വസിപ്പിച്ചാണ് വിതരണം. സൗജന്യമായാണ് ഇയാൾ മരുന്ന് നൽകുന്നത്. 

‌‌‌കോവിഡ് രോ​ഗികളടക്കമാണ് മരുന്നുവാങ്ങാൻ എത്തിയിരുന്നത്.  കിലോമീറ്ററുകളോളം നീണ്ട ക്യൂ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ സംസ്ഥാന സർക്കാർ ഇടപെട്ട് മരുന്ന് വിതരണം നിർത്തിച്ചു. അതേസമയം  മരുന്നിനു പാർശ്വഫലങ്ങൾ ഉണ്ടെന്നു തെളിവു ലഭിക്കാത്തതിനാൽ മറ്റു നടപടികൾ സ്വീകരിച്ചിട്ടില്ല. വിതരണം ചെയ്ത മരുന്നിനെക്കുറിച്ച് ഐസിഎംആർ പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. 

ആയുർവേദ ചേരുവകൾ കൊണ്ടാണ് മരുന്ന് നിർമ്മിച്ചതെന്നും നാലു മരുന്നുകൾ തയാറാക്കിയെന്നും ഇയാൾ അവകാശപ്പെടുന്നു. കോവിഡ് ബാധിതർ, പനി ഉള്ളവർ, കോവിഡിന്റെ മറ്റ് ലക്ഷണങ്ങൾ ഉള്ളവർ എന്നിങ്ങനെ രോ​ഗികളെ മൂന്നായ തരംതിരിച്ചാണ് മരുന്ന് നൽകുന്നത്. വളരെനാളായി ​ഗ്രാമത്തിൽ ആയുർവേദ ചികിത്സ നടത്തുന്നുണ്ടെങ്കിലും ആനന്ദിന് ആയുർവേദത്തിലോ മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങളിലോ ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com