ഡല്‍ഹിയില്‍ മെയ് 31 വരെ ലോക്ക്ഡൗണ്‍ നീട്ടി; ജൂണ്‍ ഒന്ന് മുതല്‍ ഘട്ടം ഘട്ടമായി തുറക്കും: അരവിന്ദ് കെജരിവാള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 12:30 PM  |  

Last Updated: 23rd May 2021 12:30 PM  |   A+A-   |  

COVID CASES IN DELHI

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയെങ്കിലും രാജ്യതലസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. ഈസമയത്ത് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് കണ്ടാണ് ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്.

ഇടവേളയ്ക്ക് ശേഷം വീണ്ടും രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞമാസം പ്രതിദിന രോഗികള്‍ 30,000 കടന്ന് മോശം സ്ഥിതിയിലായിരുന്നു. വ്യാപനം കുറയ്ക്കാന്‍ വേണ്ടിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇത് ഗുണം ചെയ്യുന്നതായാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് പ്രതിദിനം രോഗികള്‍ രണ്ടായിരത്തില്‍ താഴെ എത്തി നില്‍ക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനമാണെന്നും 24 മണിക്കൂറിനിടെ 1600 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗബാധ ഉണ്ടായതെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈസമയത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചാല്‍ വീണ്ടും സ്ഥിതിഗതികള്‍ വഷളാവുമെന്ന് അരവിന്ദ് കെജരിവാള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനാല്‍ ജാഗ്രത തുടരണമെന്നാണ് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പറഞ്ഞത്. കോവിഡ് പൂര്‍ണമായി നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായാണ് ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടിയത്. അതിന് ശേഷം സ്ഥിതിഗതികള്‍ മെച്ചമെന്ന് തോന്നിയാല്‍ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് തുറന്നിടലിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.