ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി, നാളെ ചുഴലിക്കാറ്റാകും; പ്രധാനമന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി, തെക്കന്‍ കേരളത്തില്‍ കനത്തമഴ, ജാഗ്രതാനിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 03:39 PM  |  

Last Updated: 23rd May 2021 03:39 PM  |   A+A-   |  

cyclone in bay of bengal

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ രാവിലെയോടെ യാസ് ചുഴലിക്കാറ്റായി മാറും. യാസ് ചുഴലിക്കാറ്റ് തീരം തൊടാനിടയുള്ള ഒഡിഷ, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തി. കിഴക്കന്‍ തീരങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം കേന്ദ്രം നല്‍കി. കോവിഡ് ചികിത്സയ്ക്കും വാക്‌സിനേഷനും ഒരു തടസവും ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

 മെയ് 26 ന് വൈകുന്നേരം വടക്കന്‍ ഒഡിഷ- പശ്ചിമ ബംഗാള്‍ തീരത്ത് എത്തി പാരദ്വീപിനും സാഗര്‍  ദ്വീപിനും ഇടയില്‍  ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍  ടെലികോം, ഊര്‍ജ്ജം, റെയില്‍വേ , ഭൗമശാസ്ത്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേന ഡിജിയും പങ്കെടുത്തു. തീരങ്ങളില്‍ ഇതുവരെ സ്വീകരിച്ച നടപടികളും, തുടര്‍പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. ഏത് അടിയന്തരസാഹചര്യവും നേരിടാനുള്ള തയ്യാറെടുപ്പിന്  പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കി. 

ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതടക്കം നടപടികള്‍ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ  75 സംഘങ്ങളെ പലയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. നാവിക സേനയുടെ നാല് കപ്പലുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ നേത്യത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 

ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് ബാംഗാള്‍ ഉള്‍ക്കടലില്‍ മീന്‍പിടുത്തം നിരോധിച്ചു. അതിനിടെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.