'കരുതലിന്റെ മാതൃക'; രണ്ടുവര്‍ഷമായി ഒരു കോവിഡ് കേസുപോലുമില്ലാതെ ഒഡീഷയിലെ ഒരു ഗ്രാമം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2021 05:03 PM  |  

Last Updated: 23rd May 2021 05:03 PM  |   A+A-   |  

COVID IN  ODISHA

ഫയല്‍ ചിത്രം

 

ഭുവനേശ്വർ: രാജ്യം കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും ഒറ്റ കോവിഡ് രോ​ഗികൾ പോലുമില്ലാതെ ഒ‍ഡീഷയിലെ ഒരു കുഞ്ഞുഗ്രാമം. ഗഞ്ചം ജില്ലയിലെ ധനപുർ പഞ്ചായത്തിലെ കരൻചാര ഗ്രാമത്തിൽ ഇതുവരെ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല.261 ​വീടുകളിലായി​ 1234 പേരാണ് ​ഗ്രാമത്തിലുള്ളത്​. 

കോവിഡ്​ വ്യാപനം ആരംഭിച്ചതുമുതൽ ആശ പ്രവർത്തകരും അംഗൻവാടി ജീവനക്കാരും വീടുകൾ കയറി ബോധവൽക്കരണം നടത്തുകയും ഹൈ റിസ്​ക്​ വിഭാഗത്തിൽപ്പെട്ടവരെ നിരന്തരം നി​രീക്ഷിക്കുകയും ചെയ്​തുപോരുന്നുണ്ട്​. ഗ്രാമത്തിലെ ഓരോ വീട്ടിലുമെത്തി ഇവർ നിർദേശങ്ങൾ നൽകും.

ഗഞ്ചം കലക്​ടർ അടുത്തിടെ ഗ്രാമം സന്ദർശിക്കുകയും ഗ്രാമവാസികളോട്​ സംസാരിക്കുകയും ചെയ്​തിരുന്നു. 'ഗ്രാമവാസികൾ എല്ലാവരും തന്നെ കോവിഡിനെക്കുറിച്ചും അതിൽ പാലിക്കേണ്ട നിർദേശങ്ങളെക്കുറിച്ചും അറിവുള്ളവരാണ്​. സ്​ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ വീട്ടിന്​ പുറത്തിറങ്ങുമ്പോൾ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യും' -കലക്​ടർ പറഞ്ഞു.

ഗ്രാമവാസികൾ മുഴുവൻ സമയവും വീട്ടിനുള്ളിൽ ചെലവഴിക്കാനാണ്​ ശ്രമിക്കുക. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ പുറത്തിറങ്ങാറില്ലെന്നും കലക്​ടർ പറഞ്ഞു. ഗ്രാമത്തിലെ യുവാക്കൾ ജോലി ആവശ്യത്തിനായി മുംബൈയിലേക്കും മറ്റും പോയിരുന്നു. എന്നാൽ അവർ തിരിച്ചെത്തിയപ്പോൾ 14 ദിവസം നിർബന്ധിത സർക്കാർ ക്വാറന്റൈൻ സൗകര്യം ഒരുക്കും. രോഗമില്ലെന്ന്​ ഉറപ്പുവരുത്തിയതിന്​ ശേഷം മാത്രമേ ഗ്രാമത്തിലേക്ക്​ പ്രവേശനം അനുവദിക്കൂ -കരൻചാര ഗ്രാമ തലവനായ ത്രിനാഥ്​ ബെഹേര പറഞ്ഞു.