പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല?, റിസര്‍വ് ബാങ്കിന്റെ അധിക ഡിവിഡന്റ് ഉപയോഗിച്ച് കൂടേ?: കേന്ദ്രത്തോട് ഹൈക്കോടതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2021 11:14 AM  |  

Last Updated: 24th May 2021 11:21 AM  |   A+A-   |  

FREE VACCINATION IN KERALA

കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

 

കൊച്ചി: രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി. ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നതടക്കം നിരവധി ചോദ്യങ്ങളാണ് കേന്ദ്രത്തിന് മുന്‍പാകെ ഹൈക്കോടതി ഉന്നയിച്ചത്.വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണെന്നും ഇതില്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ബോധിപ്പിച്ചു. വാക്‌സിന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല. സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അതിനാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് കേന്ദ്രം ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഒറ്റപ്പാലം സ്വദേശി പ്രഭാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഹര്‍ജികള്‍ പരിഗണിച്ച വിവിധ ഘട്ടങ്ങളില്‍ വാക്‌സിന്‍ സൗജന്യമായി നല്‍കി കൂടേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോഴും കൃത്യമായ മറുപടി കേന്ദ്രം നല്‍കിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്നായിരുന്നു നിരവധി ചോദ്യങ്ങള്‍ വീണ്ടും ഹൈക്കോടതി ഉന്നയിച്ചത്.

രാജ്യത്തെ പൗരന്മാര്‍ക്ക് എന്തുകൊണ്ട്് സൗജന്യമായി വാക്‌സിന്‍ നല്‍കുന്നില്ല?, ഇത് സംസ്ഥാനങ്ങള്‍ ചെയ്യണമെന്ന്് പറയുന്നത് എന്തുകൊണ്ടാണ്? അടക്കം നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ഉന്നയിച്ചത്. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ 34000 കോടി രൂപ വേണ്ടിവരുമെന്നാണ് ഹൈക്കോടതിയുടെ കണക്കുകൂട്ടല്‍. റിസര്‍വ് ബാങ്കിന്റെ 54000 കോടി രൂപയുടെ അധിക ഡിവിഡന്റ് ഇതിന് പ്രയോജനപ്പെടുത്തി കൂടേ എന്നും ഹൈക്കോടതി ചോദിച്ചു. എന്നാല്‍ വിശദീകരണം നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും വാക്‌സിന്‍ വിതരണം നയപരമായ വിഷയമാണെന്നും സുപ്രിംകോടതിയുടെ ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ പൗരന്മാരുടെ ജീവനുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ സമയം കളയാന്‍ സാധിക്കില്ലെന്നും കോടതി വിമര്‍ശിച്ചു.

വാക്സിന്‍ വിതരണത്തിലെ മെല്ലെപ്പോക്കില്‍ കേന്ദ്ര സര്‍ക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇങ്ങനെ പോയാല്‍ രണ്ട് വര്‍ഷം വേണ്ടിവരും വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കാന്‍ എന്നായിരുന്നു കോടതി വിമര്‍ശനം. ഈ സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ എപ്പോള്‍ നല്‍കും എന്നതടക്കം അറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. വാക്‌സിന്‍ കേന്ദ്രത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലെന്നും സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍  കോടതിയെ വാക്കാല്‍ അറിയിച്ചത്.