സുശീല്‍ കുമാറിനെ തൂക്കിക്കൊല്ലണം; രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയെന്ന് സാഗര്‍ റാണയുടെ മാതാപിതാക്കള്‍

സുശീല്‍ കുമാര്‍ തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്‌.
സുശീൽ കുമാർ/ഫയല്‍ ചിത്രം
സുശീൽ കുമാർ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിംപ്യന്‍ സുശീല്‍ കുമാറിന് വധശിക്ഷ നല്‍കണമെന്ന് സാഗര്‍റാണയുടെ മാതാപിതാക്കള്‍. കേസ് ശരിയായ രീതിയില്‍ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സുശീല്‍ കുമാര്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്‌. പൊലീസ് അന്വേഷണം അട്ടിമറിക്കാതിരിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പിതാവ് അശോകന്‍ പറയുന്നു. ഗുസ്തിയിലെ മാര്‍ഗനിര്‍ദേശിയാവാന്‍ അദ്ദേഹം യോഗ്യനല്ലെന്ന് റാണയുടെ മാതാവ് പറഞ്ഞു. സുശീല്‍ കുമാര്‍ നേടിയ എല്ലാ മെഡലുകളും അദ്ദേഹത്തില്‍ നിന്ന് തിരിച്ചെടുക്കണം. കേസ് ശരിയായി പൊലീസ് അന്വേഷിക്കുമെന്ന് കരുതുന്നു. എന്നാല്‍ തന്റെ ബന്ധം ഉപയോഗിച്ച് സുശീല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ട്‌.
 സുശീലിനെ തൂക്കികൊല്ലണമെന്നും അമ്മ പറഞ്ഞു. 

ഡല്‍ഹി ഛത്രസാല്‍ സ്‌റ്റേഡിയത്തില്‍ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദനത്തിനിരയായ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ സാഗര്‍ പിന്നീട് മരിച്ചു. 

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ 18 ദിവസത്തിന് ശേഷമാണ് പൊലീസ് മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അജയ് കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പൊലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയിലും സമീപ നഗരങ്ങളിലും സംസ്ഥാനങ്ങളിലും സുശീല്‍ കുമാറിനായി പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. 

അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മേയ് പതിനെട്ടിന് ഡല്‍ഹി രോഹിണിയിലെ കോടതിയെ സുശീല്‍ കുമാര്‍ സമീപിച്ചിരുന്നു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സുശീല്‍ കുമാറാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും സുശീലിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. 

രണ്ട് ഒളിംപ്ക്‌സ് മത്സരങ്ങളില്‍ മെഡല്‍ ജോതാവാണ് സുശീല്‍ കുമാര്‍. 2008 ലെ ബെയ്ജിങ് ഒളിപിംക്‌സില്‍ വെങ്കലവും 2012 ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ വെള്ളിയും ഇന്ത്യയ്ക്ക് വേണ്ടി സുശീല്‍ കുമാര്‍ നേടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com