ആകാശത്ത് വിസ്മയത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, നാളെ പൂര്‍ണ ചന്ദ്രഗ്രഹണം; ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th May 2021 01:15 PM  |  

Last Updated: 25th May 2021 01:15 PM  |   A+A-   |  

super blood moon

സൂപ്പര്‍ ബ്ലഡ് മൂണ്‍/ ഫയല്‍

 

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം നാളെ. ആകാശത്ത് കാഴ്ച വിരുന്നൊരുക്കിയുള്ള ചന്ദ്രഗ്രഹണം  ഇന്ത്യന്‍ സമയം വൈകീട്ട് 3.15 മുതല്‍ 6.23 വരെയാണ് .ഇന്ത്യയില്‍ സിക്കിമൊഴിച്ചുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷയിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരമേഖലകള്‍ എന്നിവിടങ്ങളില്‍ ഗ്രഹണത്തിന്റെ അവസാനഘട്ടം ദൃശ്യമാകും. 

സൂപ്പര്‍മൂണ്‍, ബ്ലഡ്മൂണ്‍ എന്നീ പ്രതിഭാസങ്ങളും ഒപ്പം ഉണ്ടാകുമെന്നതിനാല്‍ ആകാശത്തെ വിസ്മയത്തിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ചന്ദ്രന്റെ ഭ്രമണപാത ഭൂമിക്ക് ഏറ്റവും അടുത്തെത്തുന്ന പെരിജി ബിന്ദുവിനു സമീപം പൂര്‍ണചന്ദ്രന്‍ ദൃശ്യമാകുന്നതാണു സൂപ്പര്‍മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമി സൂര്യപ്രകാശത്തെ മറയ്ക്കുന്നുണ്ടെങ്കിലും കുറേ പ്രകാശം ചന്ദ്രനില്‍ വീഴും. ചുവപ്പ്, ഓറഞ്ച് നിറത്തിലുള്ള ഈ പ്രകാശമാണ് ബ്ലഡ്മൂണ്‍ പ്രതിഭാസത്തിനു വഴിയൊരുക്കുന്നത്.

ഭൂമിയെ പോലെ തന്നെ നിശ്ചിതമായ രേഖയിലൂടെ ചലിക്കുന്ന ഗ്രഹമാണ് ചന്ദ്രനും. ഇങ്ങനെയുള്ള സഞ്ചാരപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തു വരുന്ന സമയത്തെ ചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്.സാധാരണയിലും കവിഞ്ഞ് വലുപ്പത്തിലും തിളക്കത്തിലും ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതാണ് സൂപ്പര്‍മൂണ്‍. ഭൂമിയില്‍ നിന്നുള്ള അകലം പതിവിലും കുറയുന്നതിനാലാണ് നിലാവിനു ശോഭയേറുക. ഭ്രമണപഥത്തില്‍ ചന്ദ്രന്‍ ഭൂമിയോടടുത്തു വരുമ്പോള്‍ ചന്ദ്രന്റെ പ്രഭയും വ്യാസവും കൂടുതലായി കാണപ്പെടുന്നതാണ് ഈ പ്രതിഭാസം. ഇത് പൗര്‍ണമിയുടെ സമയത്തു മാത്രമേ ഉണ്ടാവൂ. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ കാണുമ്പോഴാണ് ബ്ലഡ് മൂണ്‍ എന്ന് വിശേഷിപ്പിക്കാറ്.