കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് വിരമിക്കുന്നത് വരെ ശമ്പളം, വിദ്യാഭ്യാസ ചെലവ് വഹിക്കും; കൈത്താങ്ങുമായി ടാറ്റാ സ്റ്റീല്‍

കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് പ്രമുഖ കമ്പനിയായ ടാറ്റ സ്റ്റീലിന്റെ കൈത്താങ്.
ടാറ്റാ സ്റ്റീല്‍, ഫയല്‍ ചിത്രം/ എഎഫ്പി
ടാറ്റാ സ്റ്റീല്‍, ഫയല്‍ ചിത്രം/ എഎഫ്പി

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ കുടുംബത്തിന് പ്രമുഖ കമ്പനിയായ ടാറ്റാ സ്റ്റീലിന്റെ കൈത്താങ്. സാമൂഹ്യ സുരക്ഷാ പദ്ധതിയനുസരിച്ച് ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ കുടുംബത്തിന് തുടര്‍ന്നും ശമ്പളം നല്‍കുമെന്നതാണ് കമ്പനിയുടെ പ്രഖ്യാപനം. ജീവനക്കാരന്‍ അവസാനം വാങ്ങിയ ശമ്പളം, ജീവനക്കാരന്‍ വിരമിക്കുന്ന കാലയളവ് വരെ കുടുംബത്തിന് നല്‍കുമെന്ന് കമ്പനി അറിയിച്ചു. കുടുംബത്തിന്റെ ജീവിതനിലവാരം അതേപോലെ നിലനിര്‍ത്തുന്നതിന് 60 വയസ് വരെ ശമ്പളം നല്‍കുമെന്നതാണ് പ്രസ്താവനയുടെ ഉള്ളടക്കം.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രതിദിനം ശരാശരി നാലായിരത്തോളം പേരാണ് വൈറസ് ബാധയ്ക്ക് കീഴടങ്ങുന്നത്. ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യ ഉത്തരവാദിത്തം കണക്കിലെടുത്ത് ടാറ്റാ സ്റ്റീലിന്റെ പ്രഖ്യാപനം. കോവിഡ് ബാധിച്ച് മരിക്കുകയാണെങ്കില്‍ 60 വയസ് വരെ കുടുംബത്തിന് ശമ്പളം തുടര്‍ന്നും നല്‍കുന്നതിന് പുറമേ മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവനപദ്ധതികളും തുടര്‍ന്നും അനുവദിക്കുമെന്നും കമ്പനി അറിയിച്ചു.

ജോലിക്കിടെ മരണം സംഭവിക്കുന്ന മുന്‍നിര ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന്റെ ചെലവ് മുഴുവന്‍ കമ്പനി വഹിക്കും.ബിരുദം വരെ ഈ ആനുകൂല്യം ലഭിക്കും. 'ഞങ്ങള്‍ ചെറിയ കാര്യമാണ് ചെയ്യുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍ നമുക്ക് ചുറ്റുമുള്ളവരെ സഹായിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ'- ടാറ്റാ സ്റ്റീല്‍ ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com