തീവ്രവാദ കേസുകളിലെ അന്വേഷണത്തില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡ്, രഹസ്യാന്വേഷണത്തില്‍ മികവ്; പുതിയ സിബിഐ ഡയറക്ടറെ അറിയാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2021 11:22 AM  |  

Last Updated: 26th May 2021 11:22 AM  |   A+A-   |  

CBI DIRECTOR APPOINTMENT

സുബോധ് കുമാര്‍ ജയ്‌സ്വാള്‍, പിടിഐ

 

ന്യൂഡല്‍ഹി: തീവ്രവാദ കേസുകളിലെ അന്വേഷണം കൈകാര്യം ചെയ്തതിലെ ട്രാക്ക് റെക്കോര്‍ഡാണ് പുതിയ സിബിഐ ഡയറക്ടറായി തെരഞ്ഞെടുക്കപ്പെടുന്നതില്‍ മഹാരാഷ്ട്ര ഐപിഎസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ ജയ്‌സ്വാളിന് അനുകൂലമായത്. 2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് സുബോധ് കുമാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു. എല്‍ഗര്‍ പരിഷത്ത്, ഭീമ കൊറേഗാവ് അക്രമകേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചതും ഇദ്ദേഹമാണ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചീഫ് ജസ്റ്റിസടക്കമുള്ളവരുടെ സമിതിയാണ് സുബോധ് കുമാര്‍ ജയ്‌സ്വാളിനെ തെരഞ്ഞെടുത്തത്. 

1985 ബാച്ച് ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ നിലവില്‍ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലാണ്. സിഐഎസ്എഫില്‍ വലിയ വിപുലീകരണത്തിനും കോവിഡ് പശ്ചാത്തലത്തില്‍ സേനയുടെ മനോവീര്യം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തെ സിബിഐ തലപ്പത്തേക്ക് നിയമിച്ചിരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗമായ 'റോ'യിലും സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും (എസ്പിജി) അടക്കം പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചയാളാണ് പുതിയ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്‌സ്വാള്‍.

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി ആയിരിക്കെ 2018 ജൂണ്‍ മുതല്‍ 2019 ഫെബ്രുവരി വരെ സുബോധ് കുമാര്‍ മുംബൈ പോലീസ് കമ്മീഷണറായിരുന്നു. മഹാരാഷ്ട്ര ഡിജിപി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്. സിബിഐയില്‍ അദ്ദേഹത്തിന് യാതൊരു മുന്‍ പരിചയവും ഇല്ല. 

എന്നാല്‍ തീവ്രവാദ കേസുകളിലെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങളിലും സുബോധ് കുമാറിന് മികച്ച പരിചയ സമ്പത്തും ട്രാക്ക് റെക്കോര്‍ഡുമുണ്ട്.മഹാരാഷ്ട്രയില്‍ തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍ അഴിമതി കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം അന്വേഷിച്ചിരുന്നു.