പണം കൊടുത്തു വാക്സിൻ വാങ്ങാനും കേന്ദ്രത്തിന്റെ നിയന്ത്രണം, ഡൽഹിക്കുള്ള ക്വാട്ട നിശ്ചയിച്ചു; സംസ്ഥാനങ്ങൾക്കും വരുമെന്ന് സൂചന

ജൂണിൽ 3 ലക്ഷം ഡോസ് കോവിഷീൽഡും 92,000 ഡോസ് കോവാക്സീനുമാണ് ഡൽഹി സർക്കാരിന് വാങ്ങാൻ സാധിക്കുക
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡൽഹി; ഡൽഹി സർക്കാരിന് ഉൽപാദകരിൽനിന്ന് നേരിട്ട് വാങ്ങാവുന്ന വാക്സീൻ പരിധി നിശ്ചയിച്ച് കേന്ദ്രം. ജൂണിൽ 3 ലക്ഷം ഡോസ് കോവിഷീൽഡും 92,000 ഡോസ് കോവാക്സീനുമാണ് ഡൽഹി സർക്കാരിന് വാങ്ങാൻ സാധിക്കുക. ഇതു സംബന്ധിച്ച് കേന്ദ്രം ഡൽഹി സർക്കാരിന് കത്തയച്ചു. 45 വയസിന് മുകളിലുള്ളവര്‍ക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്ന സൗജന്യ വാക്‌സിന്റെ എണ്ണവും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷനൽ സെക്രട്ടറി മനോഹർ അഗ്നാനി, ഡൽഹി ആരോഗ്യ മന്ത്രാലയം പ്രിൻസിപ്പൽ സെക്രട്ടറി വിക്രം ദേവ് ദത്തിനാണ് കത്തയച്ചത്. അതിനിടെ വാക്സിൻ വാങ്ങാനായി കേന്ദ്രം സംസ്ഥാനങ്ങൾക്ക് ക്വാട്ട നിശ്ചയിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ കേരള ഹൈക്കോടതില്‍ നല്‍കിയ സത്യവാങ്മൂലത്തിലും ഇതു സംബന്ധിച്ച് സൂചനയുണ്ടായിരുന്നതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ സംസ്ഥാനങ്ങളിലുമുള്ള 18-44 പ്രായപരിധിയിലുള്ളവരുടെ ജനസംഖ്യയ്ക്ക് അനുസരിച്ച് സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങുന്ന വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ 26ന് 67 ലക്ഷം ഡോസ് വാക്‌സിന് ഓര്‍ഡര്‍ നല്‍കിയതായി ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുവരെ വളരെ കുറഞ്ഞ അളവ് വാക്‌സിന്‍ മാത്രമാണ് ലഭിച്ചത്. വാക്‌സിന്‍ ക്ഷാമം മൂലം പല വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഡല്‍ഹി സര്‍ക്കാര്‍ അടച്ചുപൂട്ടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഉൽപാദകരിൽനിന്ന് സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സീൻ വാങ്ങാൻ ഏപ്രിൽ  21നാണ് കേന്ദ്രം അനുമതി നൽകിയത്. വാക്സീൻ വിതരണ ചുമതലയിൽനിന്ന് കേന്ദ്രം പിൻമാറി സംസ്ഥാനങ്ങളെ ഏൽപിച്ചതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. അതേസമയം, വാക്സീൻ വാങ്ങാൻ സംസ്ഥാനങ്ങൾക്കും സ്വാതന്ത്ര്യം നൽകുകയാണു ചെയ്തതെന്നാണു കേന്ദ്രം പ്രതിരോധത്തിനായി പറഞ്ഞത്. എന്നാൽ അതിനു വിരുദ്ധമായാണ് പുതിയ കത്ത് പുറപ്പെടുവിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com