വിവരംകെട്ട മതഭ്രാന്തന്‍മാര്‍ ലക്ഷദ്വീപിനെ നശിപ്പിക്കുന്നു: രാഹുല്‍ ഗാന്ധി

അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: അഡ്മിനിസട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'സമുദ്രത്തിലെ ഇന്ത്യയുടെ രത്‌നമാണ് ലക്ഷദ്വീപ്. അധികാരത്തിലുള്ള വിവരംകെട്ട മതഭ്രാന്തന്‍മാര്‍ അതിനെ നശിപ്പിക്കുകയാണ്. ഞാന്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. 

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെ ഉടന്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.

ദ്വീപിലെ മദ്യ നിരോധനം എടുത്തു കളഞ്ഞതും ഗുണ്ടാ നിയമം നടപ്പാക്കിയതും ഉള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നയങ്ങളെ കോണ്‍ഗ്രസ് ചോദ്യം ചെയ്തിരുന്നു. 

അതേസമയം, തനിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെയാണ് പ്രഫുല്‍ പട്ടേല്‍ നടപടികള്‍ സ്വീകരിക്കുന്നത്. 
കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നാണ് പുതിയ അറിയിപ്പ്. ദ്വീപുകാരായ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി. നിയമന നടപടികള്‍ പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്ഷന്‍ ബോര്‍ഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതില്‍ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് ബോര്‍ഡിലുള്ളത്.

ഇതിനു പിന്നാലെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കാനുള്ള നീക്കം. കൂടുതല്‍ ആളുകളെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള നീക്കമാണിതെന്നു സംശയിക്കപ്പെടുന്നു.

പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വിപിലും പുറത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അഡ്മിനിസ്ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകള്‍ക്കെതിരെ വ്യാഴാഴ്ച ഓണ്‍ലൈന്‍ വഴി ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം ചേരും. ബിജെപി പ്രതിനിധികളും പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com