ബാബാ രാംദേവിന് 1000 കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ച് ഐഎംഎ
By സമകാലിക മലയാളം ഡെസ്ക് | Published: 26th May 2021 01:47 PM |
Last Updated: 26th May 2021 01:47 PM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: അലോപ്പതി ചികിത്സയ്‌ക്കെതിരെയുള്ള പരാമര്‍ശത്തില്‍ ബാബാ രാംദേവിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉത്തരാഖണ്ഡ് യൂണിറ്റ് ആയിരം കോടിയുടെ മാനനഷ്ട നോട്ടീസ് അയച്ചു. 15 ദിവസത്തിനുള്ളില്‍ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 1000 കോടിയുടെ മാനനഷ്ടകേസ് ഫയല്‍ ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പരിപാടിയിലാണ് ബാബാ രാംദേവ് അലോപ്പതി ചികിത്സയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. അലോപ്പതി മരുന്നുകള്‍ കാരണം ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചുവെന്നും ചികിത്സയോ ഓക്സിജനോ ലഭിക്കാതെ മരിച്ചവരേക്കാള്‍ വളരെ കൂടുതലാണ് അതെന്നുമുള്ള പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉണ്ടാകുകയും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ പരാമര്‍ശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് രാംദേവിന് കത്തയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് രാംദേവ് ട്വീറ്റ് ചെയ്യുകയുണ്ടായി. എന്നാല്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഐഎംഎ പരാതി നല്‍കിയിട്ടുണ്ട്.
ബാബ രാംദേവിന് അലോപ്പതിയെ കുറിച്ച് വേണ്ട അറിവില്ലാതെ, വെറുതെ വാചക കസര്‍ത്ത് നടത്തുകയാണെന്ന് ഐഎംഎ ഉത്തരാഖണ്ഡ് യൂണിറ്റ് പ്രസിഡന്റ് ഡോ. അജയ് ഖന്ന പറയുന്നു. രാംദേവുമായി തുറന്ന സംവാദത്തിന് തയ്യാറാണ്. അലോപ്പതിയെ കുറിച്ച് അദ്ദേഹത്തിന് ഒരു തരത്തിലുമുള്ള അറിവില്ല. എന്നാല്‍ അലോപ്പതിയെ അദ്ദേഹം എതിര്‍ക്കുകയാണ്. ചികിത്സ നടത്തുന്ന ഡോക്ടര്‍മാരെയും വിമര്‍ശിക്കുന്നു. ഇത് ഡോക്ടര്‍മാരുടെ ആത്മവീര്യം തകര്‍ക്കും. പതഞ്ജയിലുടെ കോവിഡ് ആയുര്‍വ്വേദ മരുന്നിന് കൂടുതല്‍ വില്‍പ്പന ലഭിക്കുന്നതിന് രാംദേവ് നുണ പറയുന്നതായും അജയ് ഖന്ന വിമര്‍ശിച്ചു.