പ്രതിഷേധങ്ങള്‍ വകവയ്ക്കുന്നില്ല; ലക്ഷദ്വീപില്‍ പുതിയ തീരുമാനങ്ങളുമായി പ്രഫുല്‍ പട്ടേല്‍

ലക്ഷദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്
പ്രഫുൽ പട്ടേൽ/ ഫെയ്സ്ബുക്ക്


കവരത്തി: ലക്ഷദ്വീപില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍. കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കുമെന്നാണ് പുതിയ അറിയിപ്പ്. ദ്വീപുകാരായ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് നടപടി. നിയമന നടപടികള്‍ പുനഃപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ലക്ഷദ്വീപിലെ നിയമന രീതികളെല്ലാം അട്ടിമറിച്ചുകൊണ്ട് ഒരു സിലക്ഷന്‍ ബോര്‍ഡ് നേരത്തെതന്നെ രൂപീകരിച്ചിരുന്നു. അതില്‍ ലക്ഷദ്വീപിലെ ഒരു ജനപ്രതിനിധിയെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഉത്തരേന്ത്യയിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് ബോര്‍ഡിലുള്ളത്.

ഇതിനു പിന്നാലെയാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്ത ജീവനക്കാരുടെ പട്ടിക തയാറാക്കാനുള്ള നീക്കം. കൂടുതല്‍ ആളുകളെ സര്‍വീസില്‍നിന്നു പിരിച്ചുവിടാനുള്ള നീക്കമാണിതെന്നു സംശയിക്കപ്പെടുന്നു.

പ്രഫുല്‍ പട്ടേലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ദ്വിപിലും പുറത്തും വന്‍ പ്രതിഷേധമാണ് നടക്കുന്നത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ പൊതുതാത്പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കാനും നീക്കമുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ നിലപാടുകള്‍ക്കെതിരെ വ്യാഴാഴ്ച  ഓണ്‍ലൈന്‍ വഴി ലക്ഷദ്വീപില്‍ സര്‍വകക്ഷിയോഗം ചേരും. ബിജെപി പ്രതിനിധികളും പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com