റേഷന്‍ കാര്‍ഡുടമകള്‍ക്ക് 3000 രൂപ വീതം; കോവിഡ് ദുരിതത്തില്‍ ആശ്വാസവുമായി പുതുച്ചേരി സര്‍ക്കാര്‍ 

കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സര്‍ക്കാര്‍
എന്‍ രംഗസ്വാമി, ഫയല്‍ചിത്രം
എന്‍ രംഗസ്വാമി, ഫയല്‍ചിത്രം

പുതുച്ചേരി: കോവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ആശ്വാസ നടപടിയുമായി കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി സര്‍ക്കാര്‍. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. 3.5 ലക്ഷം റേഷന്‍കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി എന്‍ രംഗസ്വാമി അറിയിച്ചു.

കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ കോവിഡ് കേസുകള്‍ കുറയുകയാണ്. തിങ്കളാഴ്ച 1237 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. 1571 പേര്‍ രോഗമുക്തി നേടി. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 15,475 ആയി കുറഞ്ഞു. എന്നാല്‍ മരണസംഖ്യ ഉയരുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇന്നലെ 26 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1408 ആയി ഉയര്‍ന്നു.

പുതുച്ചേരിയില്‍ അടുത്തിടെയാണ് എന്‍ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി അധികാരത്തില്‍ വന്നത്. എന്‍ആര്‍ കോണ്‍ഗ്രസ് നേതാവാണ് എന്‍ രംഗസ്വാമി. നാലാം തവണയാണ് ഇദ്ദേഹം മുഖ്യമന്ത്രിയാകുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com