വ്യാജ വാര്‍ത്ത ഷെയര്‍ ചെയ്യുന്നവരുടെ എല്ലാ പോസ്റ്റും 'മുക്കും'; നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2021 11:56 AM  |  

Last Updated: 27th May 2021 11:56 AM  |   A+A-   |  

FB to push down all posts from users who share misinformation

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് നിലവില്‍ വന്ന പുതിയ സാങ്കേതികവിദ്യാ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പ്രമുഖ സമൂഹമാധ്യമമായ ഫെയ്സ്ബുക്ക്. നേരത്തെ തെറ്റായ വിവരങ്ങളും വ്യാജ ഉള്ളടക്കവും അടങ്ങുന്ന കുറിപ്പുകളുടെ റീച്ച് കുറച്ചിരുന്നു. എന്നാല്‍ പുതിയ വ്യവസ്ഥ അനുസരിച്ച് വാര്‍ത്ത ഷെയര്‍ ചെയ്യുന്നവരുടെ പോസ്റ്റിനും റീച്ച് കുറയ്ക്കുമെന്ന് ഫെയ്‌സ്ബുക്ക് അറിയിച്ചു. പുതിയ സാങ്കേതികവിദ്യാ ചട്ടം അനുസരിച്ച് വസ്തുതകള്‍ പരിശോധിക്കുന്ന സംവിധാനം കൂടുതല്‍ വിപുലമാക്കാനും ഫെയ്സ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വ്യക്തികളുടെ അക്കൗണ്ടുകള്‍, പേജുകള്‍, ഗ്രൂപ്പുകള്‍, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയില്‍ നിന്ന് പങ്കുവെയ്ക്കുന്ന പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിക്കും.

ഇന്നലെയായിരുന്നു 50ലക്ഷത്തിന് മുകളില്‍ ഉപയോക്താക്കള്‍ ഉള്ള 'പ്രബല' സാമൂഹ്യ മാധ്യമങ്ങള്‍ പുതിയ സാങ്കേതികവിദ്യാ ചട്ടം പാലിക്കേണ്ടതിന്റെ അവസാന തീയതി. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്ക് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്. കോവിഡ്, കോവിഡ് വാക്സിനേഷന്‍, കാലാവസ്ഥ മാറ്റം, തെരഞ്ഞെടുപ്പ് തുടങ്ങി വിവിധ വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇത്തരം പ്രവൃത്തികള്‍ക്ക് തടയിടുമെന്ന് ഫെയ്സ്ബുക്ക് മുന്നറിയിപ്പ് നല്‍കി.

വ്യക്തികളുടെ അക്കൗണ്ടുകളില്‍ നിന്നും ന്യൂസ് വിഭാഗത്തില്‍ പങ്കുവെയ്ക്കുന്ന വാര്‍ത്തകളുടെ വിതരണം കുറയ്ക്കും. തെറ്റായ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നവര്‍ക്കാണ് ഇത് ബാധകം. 2016ലാണ് ഫെയ്സ്ബുക്ക് ഫാക്ട് ചെക്കിംഗ് സംവിധാനം ആരംഭിച്ചത്.

നിലവില്‍ തെറ്റായ വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങള്‍ ഫെയ്സ്ബുക്ക് പങ്കുവെയ്ക്കുന്നുണ്ട്. പുതിയ ചട്ടം അനുസരിച്ച് ഇവരുടെ അവകാശവാദങ്ങള്‍ തള്ളി കൊണ്ട് ഫാക്ട് ചെക്കിംഗ് സംവിധാനത്തിന്റെ വിശദീകരണവും നല്‍കും. കൂടാതെ വാര്‍ത്ത ഷെയര്‍ ചെയ്യുന്നവരുടെ പോസ്റ്റിന് റീച്ച് കുറയ്ക്കുന്നതിന് വേണ്ടിയുള്ള നടപടികളും സ്വകരിക്കുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു. 2016ലാണ് ഫെയ്സ്ബുക്ക് ഫാക്ട് ചെക്കിംഗ് സംവിധാനം ആരംഭിച്ചത്.