യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി, തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമം, പ്രതികളുടെ കാലില്‍ വെടിവെച്ച് വീഴ്ത്തി പൊലീസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2021 01:34 PM  |  

Last Updated: 28th May 2021 01:34 PM  |   A+A-   |  

2 Accused in Bengaluru Rape Case Shot In The Leg Trying To Escape

ഫയല്‍ ചിത്രം

 

ബംഗളൂരു: കര്‍ണാടകയില്‍ ബലാത്സംഗകേസില്‍ പൊലീസിന്റെ കൈയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബലാത്സംഗം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ, ആറു പ്രതികളില്‍ രണ്ടുപേരാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഇവരെ പിടികൂടുന്നതിന്റെ ഭാഗമായി കാലില്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് ബംഗളൂരു ഈസ്റ്റ് ഡിസിപി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബലാത്സംഗക്കേസില്‍ കഴിഞ്ഞദിവസമാണ് രണ്ടു സ്ത്രീകള്‍ അടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സ്ത്രീയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ആറുദിവസം മുന്‍പാണ് സംഭവം നടന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. 

ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് കുറ്റകൃത്യം പുനരാവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ്് പ്രതികളില്‍ രണ്ടുപേര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതികളെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതികള്‍ സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ സ്ത്രീയും ബംഗ്ലാദേശിയാണ്. മനുഷ്യക്കടത്തിനെ തുടര്‍ന്നാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.

നിലവില്‍ ആക്രമണത്തിന് ഇരയായ സ്ത്രീ മറ്റൊരു സംസ്ഥാനത്താണ്. പ്രതികളില്‍ നിന്ന് രക്ഷപ്പെട്ട ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സ്ത്രീയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അവിടെയുള്ള സ്്ത്രീയാണ് എന്ന് കരുതിയാണ് പ്രതിഷേധമെന്ന് പൊലീസ് പറയുന്നു. അസം പൊലീസും കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.