കോവിഡ് വരാതിരിക്കാന്‍ വിഷപ്പാമ്പിനെ ചവച്ചുതിന്നു, വീഡിയോ വൈറല്‍; വനംവകുപ്പ് കയ്യോടെ പൊക്കി, പിഴ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2021 05:24 PM  |  

Last Updated: 28th May 2021 05:24 PM  |   A+A-   |  

Man chews dead snake

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് വരാതിരിക്കാന്‍ എന്ന പേരില്‍ വിഷപ്പാമ്പിനെ കൊന്നുതിന്ന കര്‍ഷകത്തൊഴിലാളിയെ അറസ്റ്റ് ചെയ്തു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ ഇയാള്‍ ചവച്ചുതിന്നുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. വനംവകുപ്പ് ഏഴായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.

തമിഴ്‌നാട്ടിലെ പെരുമാപ്പെട്ടി ഗ്രാമത്തിലാണ് സംഭവം നടന്നത്. വടിവേലു എന്നയാളാണ് പാമ്പിനെ തിന്നുന്ന വിഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. വിഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം ജില്ലാ വനംവകുപ്പ് ഉദ്യോഗസ്ഥനായ എസ് ആന്ദന്ദിന്റെ ശ്രദ്ധയില്‍ പെട്ടതോടെ ഇയാളെ  അറസ്റ്റു ചെയ്യുകയായിരുന്നു.

പാടത്ത് ജോലി ചെയ്യുന്നതിനിടെയാണ് പാമ്പിനെ കിട്ടിയെന്നും കൊന്നതിനു ശേഷമാണ് വിഷപ്പാമ്പിനെ കഴിച്ചതെന്നും വടിവേലു ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. പാമ്പിനെ തിന്നുന്നത് കോവിഡ് പ്രതിരോധത്തിന് നല്ലതാണെന്നാണ് വിവാദ വിഡിയോയില്‍ വടിവേലു പറയുന്നത്. കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി താന്‍ സ്ഥിരമായി പാമ്പിനെ കഴിക്കാറുണ്ടെന്നും ഇയാള്‍ വിഡിയോയില്‍ അവകാശപ്പെട്ടിരുന്നു. 

ഇത്തരം വിഡിയോകളിലെ അവകാശവാദങ്ങള്‍ വിശ്വസിക്കരുതെന്നും വിഷജീവികളെ കഴിക്കുന്നത് അപകടം ക്ഷണിച്ച് വരുത്തുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പാമ്പിനെ ഭക്ഷിച്ചെങ്കിലും അതിന്റെ വിഷം ഉള്ളില്‍ ചെല്ലാതിരുന്നത്‌കൊണ്ട് മാത്രമാണ് ഇയാളുടെ ജീവന്‍ രക്ഷപ്പെട്ടതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.