സുന്ദരിയായ ഭാര്യയെ സംശയം; പിണങ്ങി പോയത് കാമുകനെ കാണാനെന്ന് ആശങ്ക; യുവതിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th May 2021 11:41 AM  |  

Last Updated: 28th May 2021 11:42 AM  |   A+A-   |  

wife_murder

കൊല്ലപ്പെട്ട യുവതി ലതിക

 

പുതുച്ചേരി: സൗന്ദര്യമില്ലാത്തതിന്റെ പേരില്‍ ഉപേക്ഷിക്കുമെന്ന സംശയത്താല്‍ യുവാവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്താണു സംഭവം. അന്തര്‍മുഖനായ യുവാവ് ഭാര്യ മറ്റുള്ളവരോടു സംസാരിക്കുന്നതും ഇടപഴകുന്നതും സംബന്ധിച്ചു വഴക്കുണ്ടാക്കുന്നതും പതിവായിരുന്നു. ഇതേതുടര്‍ന്നാണ് തന്നെക്കാള്‍ സൗന്ദര്യമുള്ള  ഭാര്യയെ സംശയത്തിന്റെ പേരില്‍ യുവാവ് കൊലപ്പെടുത്തിയത്. 

പുതുച്ചേരി മേട്ടുപാളയം കാമരാജ് സ്ട്രീറ്റിനെ നടുക്കി ഇന്നലെയാണ് കൊലപാതകമുണ്ടായത്. പ്രദേശത്തെ പാല്‍ വില്‍പനക്കാരനാണ് ബാബുരാജ്. ഭാര്യ രതികലയ്ക്കും രണ്ടു പിഞ്ചുമക്കള്‍ക്കുമൊപ്പമായിരുന്നു താമസം. ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. ഭാര്യ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഇയാള്‍ വിലക്കിയിരുന്നു. 

ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍  കാമുകനെ കാണാനാണു രതികല പോയതെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ കൂട്ടികൊണ്ടുവന്നു.

ഇതിനെ കുറിച്ചുള്ള സംസാരം വഴക്കായി. തര്‍ക്കം ഒടുവില്‍ ആക്രമണത്തിലെത്തി. ഗ്രൈന്‍ഡര്‍ മെഷീനിന്റെ കല്ലെടുത്ത് ബാബു ഭാര്യയുടെ തലയ്ക്കടിച്ചു വീഴ്ത്തി. കുട്ടികളുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മേട്ടുപാളയം പൊലീസ് പിന്നീട് ബാബുവിനെ  അറസ്റ്റ് ചെയ്തു. പൊലീസിനു മുമ്പാകെ നടത്തിയ കുറ്റസമ്മതത്തിലാണ് ക്രൂരകൊലയുടെ കാരണം പുറത്തായത്.