ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ്; നിർമ്മല സീതാറാം
By സമകാലിക മലയാളം ഡെസ്ക് | Published: 28th May 2021 09:17 PM |
Last Updated: 28th May 2021 09:21 PM | A+A A- |

നിര്‍മ്മല സീതാരാമന്‍ / എഎന്‍ഐ ചിത്രം
ന്യൂഡൽഹി; ഇറക്കുമതി ചെയ്യുന്ന കൊവിഡ് ദുരിതാശ്വാസ വസ്തുക്കൾക്ക് ജിഎസ്ടി ഇളവ് നൽകാൻ തീരുമാനിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ഓഗസ്റ്റ് 31 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവുണ്ട്. ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് ഇളവുകൾ പ്രഖ്യാപിച്ചത്.
കൊവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കിൽ ഇളവ് വേണമോയെന്നത് തീരുമാനിക്കാൻ മന്ത്രിതല സമതി രൂപീകരിച്ചു. കൂടുതൽ നിരക്ക് ഇളവുകൾ ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകും. കൊവിഡ് വാക്സീൻ്റെ നികുതിയിളവ് സംബന്ധിച്ചു ജൂൺ എട്ടോടെ തീരുമാനമുണ്ടാകുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.
ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗൺസിൽ ചേരുന്നത്. 2021-22 സാമ്പത്തിക വർഷത്തെ ആദ്യത്തെ യോഗമാണ്. ഇന്നത്തെ യോഗത്തിൽ നിരവധി കാര്യങ്ങളിൽ തീരുമാനമായെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ ഉപകരണങ്ങൾക്കും മരുന്നുകൾക്കും ഉൾപ്പടെയുള്ളവയുടെ ജിഎസ്ടി നിരക്ക് കുറക്കണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു.