ഡിആര്‍ഡിഒയുടെ കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു, കവറിന് 990 രൂപ; സംസ്ഥാനത്തിന് വില കുറച്ച് നല്‍കും

രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു
ഡിആര്‍ഡിഒയുടെ കോവിഡ് മരുന്നിന്റെ ഉദ്ഘാടനം രാജ്‌നാഥ് സിങും ഹര്‍ഷവര്‍ധനും ചേര്‍ന്ന് നിര്‍വഹിക്കുന്നു, എഎന്‍ഐ/ ഫയല്‍ചിത്രം
ഡിആര്‍ഡിഒയുടെ കോവിഡ് മരുന്നിന്റെ ഉദ്ഘാടനം രാജ്‌നാഥ് സിങും ഹര്‍ഷവര്‍ധനും ചേര്‍ന്ന് നിര്‍വഹിക്കുന്നു, എഎന്‍ഐ/ ഫയല്‍ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്തെ പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ വികസിപ്പിച്ച കോവിഡ് മരുന്നിന്റെ വില നിശ്ചയിച്ചു. ഒരു കവര്‍ മരുന്നിന് 990 രൂപയാണ് വിതരണക്കാരായ പ്രമുഖ മരുന്ന് കമ്പനിയായ ഡോ. റെഡ്ഡീസ് ലാബ് വില നിശ്ചയിച്ചത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് കമ്പനി അറിയിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന മരുന്നാണ് ഡിആര്‍ഡിഒ വികസിപ്പിച്ചത്. മരുന്ന് രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷവര്‍ധന്‍ മരുന്നിന്റെ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞത്. കോവിഡ് മരുന്നായ 2 ഡിയോക്സി ഡി ഗ്ലൂക്കോസ് നല്‍കുന്ന രോഗികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കോവിഡിനെ പ്രതിരോധിക്കാന്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മരുന്നാണ് 2 ഡിയോക്സി ഡി ഗ്ലൂക്കോസ് എന്ന് ഹര്‍ഷവര്‍ധന്‍ പറഞ്ഞു.രോഗമുക്തിയുടെ ദൈര്‍ഘ്യം കുറയ്ക്കും എന്നതാണ് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഇതിന് പുറമേ രോഗികളില്‍ മെഡിക്കല്‍ ഓക്സിജന്റെ ആവശ്യകത കുറയ്ക്കാനും ഇത് വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ മാത്രമല്ല ലോകം മുഴുവനും ഈ മരുന്ന് വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൊടി രൂപത്തിലുള്ള മരുന്ന് വെള്ളത്തില്‍ കലക്കി കഴിക്കാം. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്കാവും ഈ മരുന്ന് നല്‍കുക. ഈ മരുന്ന് നല്‍കുന്ന തോടെ രോഗികളുടെ താഴ്ന്ന ഓക്സിജന്‍ നില പൂര്‍വാവസ്ഥയിലാകുമെന്നാണ് പരീക്ഷണത്തില്‍ തെളിഞ്ഞത്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആര്‍ഡിഒ ലാബാണ് മരുന്ന്  വികസിപ്പിച്ചെടുത്തത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com