കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്ത് ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

കോവിഡിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് പത്ത് ലക്ഷം രൂപ; സൗജന്യ വിദ്യാഭ്യാസം; പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട  ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും നൽകുന്നതട‌ക്കമുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. 

കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരിൽ സ്ഥിര നിക്ഷേപമായി ബാങ്കിൽ തുകയിടും. ഈ തുക ഉപയോഗിച്ച് 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ് പൂര്‍ത്തിയാകുമ്പോള്‍ നല്‍കും. കുട്ടികളുടെ  വിദ്യാഭ്യാസം പൂർണമായും സൗജന്യമായിരിക്കും. 

10 വയസിൽ താഴെയുള്ള കുട്ടിയാണെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പിഎം കെയേഴ്സ് ഫണ്ടിൽ നിന്ന് നൽകും. 10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കിൽ സൈനിക് സ്കൂൾ, നവോദയ തുടങ്ങിയ റെസിഡൻഷ്യൽ സ്കൂളുകളിൽ പഠിപ്പിക്കും. മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കിൽ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ ചേർന്ന് പഠിക്കാം. ചെലവ് സർക്കാർ വഹിക്കും. 

ഇത്തരം കുട്ടികളുടെ ഇന്ത്യയ്ക്കുള്ളിൽ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാൻ സഹായിക്കും. പലിശ പിഎം കെയേഴ്സ് ഫണ്ടിൽ നിന്നു നൽകും. ട്യൂഷൻ ഫീസിനായി സ്കോളർഷിപ്പുകൾ ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ് വരെ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഏർപ്പെടുത്തും. 

കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനായി ആവശ്യമുള്ളതെല്ലാം ചെയ്യും. സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com