ജ്യോതിരാദിത്യ സിന്ധ്യയെ​ 'കാണാനില്ല'; വിദേശത്തേക്ക് മുങ്ങിയെന്ന് ആരോപിച്ച് കോൺ​ഗ്രസ് എംഎൽഎയുടെ പോസ്റ്റർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2021 11:23 AM  |  

Last Updated: 30th May 2021 11:23 AM  |   A+A-   |  

Jyotiraditya_Scindia

ചിത്രം: ട്വിറ്റർ

 

ഗ്വാളിയോർ: കോവിഡിനിടയിൽ ജനങ്ങളെ മറന്ന്​ ബിജെപി എം പി ജ്യോതിരാദിത്യ സിന്ധ്യ വിദേശത്തേക്ക്​ മുങ്ങിയെന്ന്​ ആരോപിച്ച് പോസ്റ്റർ. ഗ്വാളിയോർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ്​ എംഎൽഎ പ്രവീൺ പഥക്​ ആണ് സിന്ധ്യയെ​ 'കാണാനില്ല' എന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഗ്വാളിയോറിലെ ജനങ്ങൾ മഹാമാരിയുടെ ദുരിതമനുഭവിക്കുമ്പോൾ സിന്ധ്യ ദുബൈയിൽ വ്യക്തിപരമായ ജോലികളിലാണെന്ന്​ അദ്ദേഹം കുറ്റപ്പെടുത്തി. 

തെരഞ്ഞെടുപ്പ്​ സമയത്ത്​ മാത്രമാണ്​ ഗ്വാളിയോറിലെ ജനങ്ങളെ സിന്ധ്യ കുടുംബാംഗങ്ങൾ ആക്കുന്നതെന്നും കാര്യങ്ങളെല്ലാം നേരെയാകുമ്പോൾ അദ്ദേഹം തിരിച്ചുവരുമെന്നും പ്രവീൺ പഥക്​ കുറിച്ചു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കമൽനാഥ്​, ശിവരാജ്​ സിങ്​ ചൗഹാൻ തുടങ്ങിയ നേതാക്കളെ ടാ​ഗ് ചെയ്താണ് പോസ്റ്റർ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 

കഴിഞ്ഞ വർഷം സിന്ധ്യയെ കാണാനില്ലെന്നും വിവരങ്ങൾ നൽകുന്നവർക്ക്​ 5100 രൂപ ഇനാം നൽകുമെന്നും പറഞ്ഞുള്ള പോസ്റ്റർ ഗ്വാളിയോറിൽ കണ്ടിരുന്നു. സംഭവത്തിൽ ഒരു കോൺഗ്രസ്​ നേതാവ്​ അന്ന് അറസ്​റ്റിലായി.