'അളക്കാനാവാത്ത നാശനഷ്ടത്തിന്റെ ഏഴുവര്‍ഷങ്ങള്‍'; കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷികത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th May 2021 09:19 PM  |  

Last Updated: 30th May 2021 09:19 PM  |   A+A-   |  

MODI

പ്രധാനമന്ത്രി നരേന്ദ്രമോദി


ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്ന ദിനത്തില്‍ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ്. എല്ലാരംഗത്തും പരാജയപ്പെടുകയും ജനങ്ങളെ വഞ്ചിക്കുകയും ചെയ്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തിന് ദോഷമാണ് ഉണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഭരണത്തില്‍ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയ മോദി സര്‍ക്കാര്‍ കടുത്ത ദുരിതവും അളക്കാനാവാത്ത നാശനഷ്ടവും യാതനകളുമാണ് രാജ്യത്തിനും 140 കോടി ജനങ്ങള്‍ക്കും സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മോദി സര്‍ക്കാര്‍ ചെയ്തുകൂട്ടിയ തെറ്റുകള്‍ അക്കമിട്ട് നിരത്തുന്ന കുറ്റപത്രം ഇന്ന് കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ജനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടിയെന്ന് അതില്‍ കുറ്റപ്പെടുത്തിയിരുന്നു. സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍,  തൊഴിലില്ലായ്മ, വിലക്കയറ്റം, കോവിഡ് നേരിടുന്നതിലുണ്ടായ വീഴ്ച എന്നിവ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്തി'നെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. കോവിഡ് മഹാമാരിയെ നേരിടാന്‍ അര്‍ഥശൂന്യമായ വാക്കുകള്‍ മാത്രം പോരെ ഇച്ഛാശക്തിയും ശരിയായ നയങ്ങളും നിശ്ചയദാര്‍ഢ്യവുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടില്‍ ഒരിക്കല്‍ മാത്രം നേരിടേണ്ടിവരുന്ന മഹാമാരിയെന്ന് പ്രധാനമന്ത്രിതന്നെ വിശേഷിപ്പിച്ച കാലഘട്ടത്തിലൂടെ ലോകം കടന്നുപോകുന്നതിനിടെയാണ് നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഭരണത്തില്‍ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തെ പരാജയപ്പെടുത്തി 2014 ലാണ് എന്‍ഡിഎ സഖ്യം കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്നത്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 282 സീറ്റുകളാണ് ബിജെപി നേടിയത്. 2019 ല്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തി. ബിജെപി 303 സീറ്റുകളാണ് നേടിയത്.