യുപിയിൽ കോവിഡ് കേസുകൾ 95 ശതമാനം കുറഞ്ഞു; ‘യോഗി മോഡൽ’ വിജയിച്ചെന്ന് അവകാശവാദം

By സമകാലിക മലയാളം ഡെസ്ക്  |   Published: 30th May 2021 09:45 PM  |  

Last Updated: 30th May 2021 09:45 PM  |   A+A-   |  

yogi

മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍

 

ലഖ്നൗ: ഉത്തർപ്രദേശിൽ ഒരു മാസത്തിനിടെ കോവിഡ് കേസുകളിൽ 95 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ യുപിയിൽ 1908 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് സർക്കാർ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ രണ്ടായിരത്തിൽ താഴുന്നത്. 

സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 87 ശതമാനം ഇടിവുണ്ടായി. ഏപ്രിൽ 30ന് സജീവ കേസുകളുടെ എണ്ണം 3,10,783 ആയിരുന്നു. നിലവിൽ ഇത് 41,214 ആണ്.

മറ്റ് സംസ്ഥാനങ്ങൾ കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ, ഉത്തർപ്രദേശ് സർക്കാരിന്റെ ‘യോഗി മോഡൽ’ (ടെസ്റ്റ്- ട്രെയ്സ്- ട്രീറ്റ് (ടി3)) ആണ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനു സഹായിച്ചതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. യുപിയിൽ നിലവിൽ, 0.5 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. തുടർച്ചയായ അഞ്ച് ദിവസം പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്.

തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ പോസിറ്റിവിറ്റി നിരക്കിനോട് താരതമ്യം ചെയ്താണ് സംസ്ഥാന സർക്കാർ കുറവ് അവകാശപ്പെടുന്നത്. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 19, 16.4, 16.51 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റിയെന്ന് യുപി സർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ജാഗ്രത, ധീരമായ തീരുമാനങ്ങൾ, വേഗത്തിലുള്ള നടപടികൾ എന്നിവ കാരണം സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.4 ശതമാനം വരെ ഉയർന്നതായും സർക്കാർ വ്യക്തമാക്കുന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6000ത്തിലധികം പേർ രോഗമുക്തരായി. ശനിയാഴ്ച സംസ്ഥാനത്ത് 3,40,096 പേർക്കാണ് കോവിഡ് പരിശോധന നടത്തിയത്. ഇതിൽ 1,40,000 ത്തോളം പേർക്ക് ആർടിപിസിആർ പരിശോധനയാണ് നടത്തിയത്.