സെന്‍ട്രല്‍ വിസ്ത അവശ്യ പദ്ധതി; നിര്‍ത്തിവയ്‌ക്കേണ്ടതില്ലെന്ന് ഹൈക്കോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2021 11:50 AM  |  

Last Updated: 31st May 2021 11:50 AM  |   A+A-   |  

Central Vista essential project, work to continue:

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു/ പിടിഐ

 

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെ പണിയുന്നതിനുള്ള സെന്‍ട്രല്‍ വിസ്ത അവശ്യപദ്ധതിയാണെന്ന് ഡല്‍ഹി ഹൈക്കോടതി. പദ്ധതിയുടെ നിര്‍മാണം തടയണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി കോടതി തള്ളി. അനാവശ്യ ഹര്‍ജി നല്‍കിയതിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചു.

സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിയമസാധുത സുപ്രീം കോടതി ശരിവച്ചിട്ടുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റിയും പദ്ധതിക്കു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഇപ്പോള്‍ സൈറ്റിലുള്ള തൊഴിലാളികളാണ് പണി നടത്തുന്നത്. അതുകൊണ്ടുതന്നെ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ കാരണമൊന്നും കാണുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിക്കു മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടെന്നും ഇതു പൊതുതാത്പര്യ ഹര്‍ജിയായി കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഷപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിനു നല്‍കിയ കരാര്‍ പ്രകാരം ഈ വര്‍ഷം നവംബറിനു മുമ്പു പണി പൂര്‍ത്തയാക്കണം. അതുകൊണ്ട് അതു തുടരാന്‍ അനുവദിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

കോവിഡ് കാലത്തും സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പണി തുടരുന്നതിനെതിരെ അന്യ മല്‍ഹോത്ര, സുഹൈല്‍ ഹാഷ്മി എന്നിവരാണ് ഹര്‍ജി നല്‍കിയത്.