കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തി; വായില്‍ വ്രണം; ബ്ലാക്ക് ഫംഗസ് ഭയന്ന് ആത്മഹത്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st May 2021 03:14 PM  |  

Last Updated: 31st May 2021 03:14 PM  |   A+A-   |  

mucormycosis

ബ്ലാക്ക് ഫംഗസ് സ്കാൻ ചിത്രം

 


അഹമ്മദാബാദ്: കോവിഡ് മുക്തനായ ആള്‍ ബ്ലാക്ക്ഫംഗസ് വരുമോയെന്ന ഭയത്താല്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് 80 കാരന്‍ ജീവനൊടുക്കിയത്. കോവിഡ് രോഗികളായ നിരവധി പേര്‍ക്ക് ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു.

നഗരത്തിലെ പാല്‍ഡി ഏരിയയില്‍ അമാന്‍ അപ്പാര്‍ട്ട്മെന്റില്‍ ഭാര്യയ്‌ക്കൊപ്പമായിരുന്നു ഇയാള്‍ താമസിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. വ്യാഴാഴ്ച അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് കീടനാശിനി കഴിച്ച ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെട്ടു. 

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ കോവിഡ് മുക്തനായി വീട്ടില്‍ തിരിച്ചെത്തിയത്.  ഇയാള്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നില്ല. വായിലുണ്ടായ വ്രണം ബ്ലാക്ക് ഫംഗസാണെന്ന് ഇയാള്‍ ഭയപ്പെട്ടു. ഇതേതുടര്‍ന്ന് ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. 

കോവിഡ് രോഗമുക്തനായ തനിക്ക് ബ്ലാക്ക് ഫംഗസ് കൂടി വന്നാല്‍ ഉണ്ടാകുന്നപ്രത്യാഘാതമാണ് ഇയാളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ചികിത്സകൊണ്ട് ഫലമുണ്ടാകില്ലെന്നും വേദനസഹിക്കാന്‍ ഇനിയാവില്ലെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായും കൂടുതല്‍ അന്വേഷണം നടത്തുന്നതായും പൊലീസ് പറഞ്ഞു.