കൗമാരക്കാരിയെ മരിച്ച ആണ്‍കുട്ടിയുടെ കൈ കൊണ്ട് 'വിവാഹം കഴിപ്പിച്ച്' ബന്ധുക്കള്‍; ആള്‍ക്കൂട്ട 'നീതി'
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st May 2021 04:25 PM |
Last Updated: 31st May 2021 04:25 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പെണ്‍കുട്ടിയുടെ നേര്‍ക്ക് ആള്‍ക്കൂട്ടാക്രമണം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നെറ്റിയില്‍ നിര്‍ബന്ധിച്ച് സിന്ദൂരം തൊടിച്ചു. തന്നെ അവഗണിച്ചതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത കാമുകന്റെ കൈ കൊണ്ടാണ് സിന്ദൂരം തൊടിച്ചത്.
ബര്‍ധാനിലാണ് സംഭവം. വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ അമ്മ ഇതിനെ എതിര്‍ത്തു. പ്രായം ചൂണ്ടിക്കാണിച്ചാണ് കല്യാണത്തെ എതിര്‍ത്തത്. കാരണം ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമായി. തര്‍ക്കത്തില്‍ മനംനൊന്ത് ആണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതിന് ശേഷമാണ് നാടകീയ സംഭവങ്ങള്‍. ആണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി. ആത്മഹത്യ ചെയ്യുമെന്ന് അറിഞ്ഞിട്ടും മകനെ രക്ഷിക്കാന്‍ പെണ്‍കുട്ടി തയ്യാറായില്ല എന്ന് ബന്ധുക്കള്‍ ആരോപിച്ചു. മരിക്കുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിയുടെ ഫോണിലേക്ക് തന്റെ ഫോട്ടോ ആണ്‍കുട്ടി അയച്ചിരുന്നു. ഇതും ചൂണ്ടിക്കാട്ടിയായിരുന്നു പെണ്‍കുട്ടിയുടെ വീട്ടുകാരുടെ രോഷപ്രകടനം.
ആണ്‍കുട്ടിയുടെ വീട്ടുകാര്‍ അടങ്ങുന്ന സംഘം പെണ്‍കുട്ടിയെയും അമ്മയെയും മര്‍ദ്ദിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ പുറത്തേയ്ക്ക് വലിച്ചിഴച്ച ബന്ധുക്കള്‍ മരിച്ച മകന്റെ കൈ ഉപയോഗിച്ച് നിര്‍ബന്ധിച്ച് സിന്ദൂരം തൊടിച്ചു എന്നതാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.