'നയമുണ്ടാക്കുന്നവര്‍ക്കു നാടിനെക്കുറിച്ചു ബോധ്യം വേണം'; കോവിന്‍ രജിസ്‌ട്രേഷനെ വിമര്‍ശിച്ച് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീംകോടതി. വ്യത്യസ്ത പ്രായപരിധിയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി, ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ കോവിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ എങ്ങനെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത് എന്ന് ചോദിച്ചു. വാക്‌സിന് കോവിന്‍ ആപ്പില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതുമായി ബന്ധപ്പെട്ട് നയമുണ്ടാക്കുന്നവര്‍ക്ക് നാടിനെ കുറിച്ച് ബോധ്യം വേണമെന്നും കോടതി വിമര്‍ശിച്ചു.

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് വാക്‌സിനേഷന്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത് എന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെയാണ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് വിവിധ ആശങ്കകള്‍ കോടതി ഉന്നയിച്ചത്.

45 വയസിന്് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ കേന്ദ്രം പൂര്‍ണമായി നല്‍കുന്നു. എന്നാല്‍ 45 വയസിന് താഴെയുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണത്തില്‍ വിഭജനം ഏര്‍പ്പെടുത്തി. 50 ശതമാനം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനം സംഭരിക്കണം. കേന്ദ്രം നിര്‍ദേശിക്കുന്ന വിലയാണ് ഇതിന് ഈടാക്കുന്നത്. വാക്‌സിന്‍ വാങ്ങാന്‍ കേന്ദ്രം വാങ്ങുന്ന വിലയേക്കാള്‍ കൂടുതല്‍ സംസ്ഥാനം നല്‍കേണ്ടി വരുന്നത് എന്തുകൊണ്ടാണ് എന്ന് കോടതി ചോദിച്ചു.

45 വയസിന് മുകളിലുള്ളവര്‍ക്ക് അപകട സാധ്യത കൂടുതലാണ് എന്ന യുക്തിയാണ് മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ഈ പ്രായപരിധിയിലുള്ളവരെ കാര്യമായി കോവിഡ് ബാധിച്ചിട്ടില്ല. 18നും 44നും ഇടയില്‍ പ്രായമുള്ളവരെയാണ് കാര്യമായി ബാധിച്ചത്. വാക്‌സിന്‍ സംഭരിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെങ്കില്‍ എന്തിന് 45 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമായി വാങ്ങുന്നു എന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. 18നും 45നും ഇടയിലുള്ളവരുടെ വാക്‌സിന്‍ നയത്തിന്റെ അടിസ്ഥാനമെന്തെന്നും കോടതി ചോദിച്ചു.

എന്തിന് വാക്‌സിന്‍ വാങ്ങുന്നതിന് സംസ്ഥാനസര്‍ക്കാരുകള്‍ കേന്ദ്രത്തേക്കാള്‍ കൂടുതല്‍ വില നല്‍കേണ്ടി വരുന്നു? രാജ്യത്ത് മുഴുവനും വാക്‌സിന് ഒരേ വില ലഭിക്കുന്നതിന് ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിന്് ഏറ്റെടുത്തു കൂടേയെന്നും കോടതി ചോദിച്ചു. വാക്‌സിന്‍ ലഭിക്കുന്നതിന് കോവിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. രാജ്യത്ത് 'ഡിജിറ്റല്‍ ഡിവൈഡ്' നിലനില്‍ക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മുഴുവനായി കോവിന്‍ പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്നത് യാഥാര്‍ത്ഥ്യമാകുമോ എന്നും കോടതി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com