ഹിമാചലിലും ബംഗാളിലും ബിജെപിക്ക് തിരിച്ചടി; കോണ്‍ഗ്രസും തൃണമൂലും തൂത്തുവാരി; മഹാരാഷ്ട്രയ്ക്ക് പുറത്ത് ആദ്യം ജയം കുറിച്ച് ശിവസേന

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹനഗല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം/ എഎന്‍ഐ
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം/ എഎന്‍ഐ

ന്യൂഡല്‍ഹി : രാജ്യത്തെ വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ഹിമാചല്‍പ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ സീറ്റും ഒരു പാര്‍ലമെന്റ് സീറ്റും കോണ്‍ഗ്രസ് വിജയിച്ചു. കര്‍ണാടകയില്‍ മുഖ്യമന്ത്രിയുടെ ജില്ലയിലെ മണ്ഡലത്തില്‍ ബിജെപി തോറ്റു. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന നാലു സീറ്റും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി.

ഹിമാചല്‍പ്രദേശിലെ മണ്ഡി പാര്‍ലമെന്റ് സീറ്റില്‍ ബിജെപി പരാജയപ്പെട്ടു. മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്രസിങിന്റെ പത്‌നി പ്രതിഭാ സിങ് ആണ് ഇവിടെ വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കാര്‍ഗില്‍ യുദ്ധവീരന്‍ റിട്ട. ബ്രിഗേഡിയര്‍ ഖുശാല്‍ ചന്ദ് താക്കൂറിനെയാണ് പ്രതിഭ തോല്‍പ്പിച്ചത്. മണ്ഡിയിലെ തോല്‍വി മുഖ്യമന്ത്രി ജയ്‌റാം താക്കൂറിനും തിരിച്ചടിയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ മണ്ഡലമാണ് മണ്ഡി.

ഹിമാചലിലെ ഫത്തേപൂര്‍, ആര്‍കി, ജുബ്ബാല്‍ കോത്കായി നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് വിജയിച്ചു.  ജുബ്ബല്‍ കോത്കായിയില്‍ രോഹിത് താക്കൂര്‍, ആര്‍കിയില്‍ സഞ്ജയ്, ഫത്തേപൂരില്‍ ഭവാനി സിങ് എന്നിവരാണ് വിജയിച്ചത്.

കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സ്വന്തം ജില്ലയായ ഹാവേരിയിലെ ഹനഗല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശ്രീനിവാസ് മാനെ 7598 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയുടെ ശിവരാജ സജ്ജനാറിനെ പരാജയപ്പെടുത്തിയത്.

ബൊമ്മെ മുഖ്യമന്ത്രി പദത്തില്‍ നൂറുദിനം തികച്ച വേളയിലാണ് സ്വന്തം ജില്ലയിലെ തോല്‍വി. മുന്‍ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ മണ്ഡലത്തിന് തൊട്ടടുത്തുള്ളതാണ് ഹനഗല്‍ മണ്ഡലം. അതേസമയം സിങ്ധി മണ്ഡലത്തില്‍ ബിജെപി വിജയം നേടി. ബിജെപിയുടെ ഭൂസനൂര്‍ രമേഷ് ബാലപ്പ 31,185 വോട്ടുകല്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത്.  

രണ്ടു മണ്ഡലങ്ങളിലും ജനതാദള്‍ സെക്കുലറിന്റെ പ്രകടനം ദയനീയമായി. രണ്ടിടത്തും കെട്ടിവെച്ച കാശു നഷ്ടമായി. വോട്ടുബാങ്ക് ലക്ഷ്യമിട്ട് രണ്ടു സീറ്റിലും മുസ്ലിം സ്ഥാനാര്‍ത്ഥികളെയാണ് ജെഡിഎസ് മല്‍സരിപ്പിച്ചിരുന്നത്.  

പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടന്ന നാലു സീറ്റും തൃണമൂല്‍ കോണ്‍ഗ്രസ് തൂത്തുവാരി. ബിജെപി വിജയിച്ച രണ്ടു സീറ്റുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് വേണ്ടി ഭബാനിപ്പൂരില്‍ എംഎല്‍എ സ്ഥാനം രാജിവച്ച ശോഭന്‍ദേബ് ചതോപാധ്യയ ഖര്‍ദ മണ്ഡലത്തില്‍ നിന്ന് 94,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

മിസോറാമില്‍ തുരായാല്‍ മണ്ഡലം മിസോ നാഷണല്‍ ഫ്രണ്ട് വിജയിച്ചു. എംഎന്‍എഫിലെ കെ.ലാല്‍ദാംഗ്‌ലിയാന ആണ് വിജയിച്ചത്. മേഗാലയയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂവ്വു സീറ്റില്‍ രണ്ടെണ്ണം നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി വിജയിച്ചു. ഒരെണ്ണം യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടി നേടി. ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റില്‍ ഓരോന്ന് വീതം ആര്‍ജെഡിയും ജെഡിയുവും കരസ്ഥമാക്കി.

കുശേശ്വര്‍ അസംബ്ലി സീറ്റാണ് ജെഡിയു വിജയിച്ചത്. രാജസ്ഥാനിലെ രണ്ടു സീറ്റുകളും കോണ്‍ഗ്രസ് നേടി. മധ്യപ്രദേശില്‍ ഖാണ്ഡ്‌വ ലോക്‌സഭ സീറ്റില്‍ ബിജെപി വിജയിച്ചു. ജോബാട്ട് അസംബ്ലി സീറ്റിലും ബിജെപി വിജയിച്ചു. 70 വര്‍ഷത്തിനിടെ രണ്ടു തവണ മാത്രമാണ് ഇവിടെ ബിജെപി വിജയിച്ചിട്ടുള്ളത്. ബിജെപിയുടെ ചരിത്രനേട്ടമാണിതെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

കേന്ദ്രഭരണ പ്രദേശമായ ദാദ്ര നാഗര്‍ ഹവേലി ലോക്‌സഭ സീറ്റില്‍ ബിജെപിയെ ശിവസേന അട്ടിമറിച്ചു. ആത്മഹത്യ ചെയ്ത എംപി മോഹന്‍ ദേല്‍ക്കറിന്റെ ഭാര്യ കലാബെന്‍ ദേല്‍കര്‍ വിജയിച്ചു. 47,447 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം. മഹാരാഷ്ട്രയ്ക്ക് പുറത്ത് ശിവസേനയുടെ ആദ്യ വിജയമാണിത്. തെലങ്കാനയിലെ ഹുസൂറാബാദ് മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി എത്താല രാജേന്ദർ മുന്നിട്ടു നിൽക്കുന്നു.  മഹാരാഷ്ട്രയിലെ ദേഗ്ലൂരിലും കോണ്‍ഗ്രസാണ് മുന്നില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com