അഖിലേഷ് യാദവ് 'ഐഎസ്ഐ ചാരന്‍'; മുസ്ലീം വോട്ട് കിട്ടാന്‍ മതപരിവര്‍ത്തനത്തിനും തയ്യാര്‍; യുപി മന്ത്രി

ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലഖ്‌നൗ: സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മുസ്ലിം പ്രീണനത്തിനായി മതപരിവര്‍ത്തനത്തിന് വരെ തയ്യാറാകുമെന്ന് യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. അഖിലേഷ് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ രക്ഷാകര്‍തൃത്വം ആസ്വദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
ഐഎസ്‌ഐയില്‍ നിന്ന് അഖിലേഷിന് സാമ്പത്തിക സഹായം ലഭിച്ചേക്കാമെന്നും മന്ത്രി ആരോപിച്ചു. 

'മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇസ്ലാമിക ലോകത്തിന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് എല്ലാ സഹായവും അവരില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഐഎസ്‌ഐയുടെ രക്ഷകര്‍തൃത്വവും ഉപദേശവും അഖിലേഷിന് ലഭിക്കുന്നു. അദ്ദേഹത്തിന് സാമ്പത്തിക പിന്തുണയും ലഭിച്ചേക്കാം' ബിജെപി നേതാവ് പറഞ്ഞു.

ഞായറാഴ്ച ഹര്‍ദോയിയില്‍ അഖിലേഷ് നടത്തിയ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് യുപി മന്ത്രിയുടെ പ്രതികരണം. മഹാത്മാഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലും ജവഹര്‍ലാല്‍ നെഹ്‌റുവും പാകിസ്ഥാന്‍ സ്ഥാപകന്‍ മുഹമ്മദ് അലി ജിന്നയും ഒറ്റ ശ്വാസത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ നേതാക്കളാണെന്നായിരുന്നു അഖിലേഷിന്റെ പരാമര്‍ശം.

'മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ അഖിലേഷ് യാദവ് നിസ്‌കരിക്കുകയും നോമ്പനുഷ്ടിക്കുകയും ചെയ്തിരുന്നു. അവരുടെ വോട്ട് കിട്ടുന്നതിന് വേണമെങ്കില്‍ മതപരിവര്‍ത്തനത്തിനും തയ്യാറാണ്. പാകിസ്ഥാന്റെ നിര്‍ദേശപ്രകാരമാണ് അഖിലേഷ് ഇതെല്ലാം ചെയ്യുന്നത്' ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com