കുരങ്ങനെ ബസിടിച്ചു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ

22 മിനിറ്റുകൊണ്ട് വനമേഖല വിട്ടുപോകണമെന്ന് ചെക്‌പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖിംപുര്‍ ഖേരി: കുരങ്ങനെ ബസിടച്ചതിന് ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ദൂദ്‌വ കടുവ സങ്കേതത്തിലാണ് സംഭവം നടന്നത്. സംഭവത്തിന് ശേഷം ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും എന്നാല്‍ പിടക്കപ്പെട്ടെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിഴ തുക അടച്ചാല്‍ മാത്രമേ പിടിച്ചെടുത്ത ബസ് തിരികെ നല്‍കുള്ളുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

പാലിയ-ഗോല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസാണ് പിടിച്ചെടുത്തത്. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയാണ് വന മേഖലയില്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ ബസ് എഴുപത് കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 22 മിനിറ്റുകൊണ്ട് വനമേഖല വിട്ടുപോകണമെന്ന് ചെക്‌പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. 

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വാഹനങ്ങളുടെ അമിത വേഗത കാരണമുണ്ടായ അപകടങ്ങളില്‍ എട്ട് മുതലളകളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വനപാലകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഗോല-ലഖിംപുര്‍ സ്റ്റേറ്റ് ഹൈവേയില്‍ വാഹനമിടിച്ച് ഒരു കടുവയും ചത്തിട്ടുണ്ട്. 

അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് പിഴ ഈടാക്കുന്നതും പതിവാണ്. മാനിനെ ഇടിച്ചുവീഴ്ത്തി നിര്‍ത്താതെപോയ ഗുജറാത്തിലെ ഒരു ടൂറിസ്റ്റ് ബസില്‍നിന്ന് നാലര ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കുരങ്ങനെ ഇടിച്ചിട്ടതിന് ഡല്‍ഹിയില്‍ നിന്നുള്ള ടെംപോ ട്രാവലറിന് രണ്ട് ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com