ആര്യന്‍ ഖാനെ രക്ഷിക്കുന്നതിന് ഷാരൂഖിന്റെ മാനേജര്‍ 50 ലക്ഷം കൈമാറി, ഗോസാവി ചതിക്കുകയാണെന്ന് തിരിച്ചറിഞ്ഞു; മുന്‍കൈയെടുത്ത് തിരികെ നല്‍കി, വാംഖഡെയ്ക്ക് പങ്കില്ലെന്ന് വെളിപ്പെടുത്തല്‍ 

കേസിലെ സാക്ഷിയായ ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായി നിന്ന സാം ഡിസൂസയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്
സമീര്‍ വാംഖഡെ, ആര്യന്‍ ഖാന്‍
സമീര്‍ വാംഖഡെ, ആര്യന്‍ ഖാന്‍

മുംബൈ: ആഢംബരക്കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ നിന്ന് ആര്യന്‍ ഖാനെ ഒഴിവാക്കുന്നതിന് ഷാരൂഖ് ഖാന്റെ മാനേജര്‍ പൂജ ദദ്‌ലാനി 50 ലക്ഷം രൂപ കെ പി  ഗോസാവിക്ക് നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍. കേസിലെ സാക്ഷിയായ ഗോസാവിയുടെയും പൂജയുടെയും കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായി നിന്ന സാം ഡിസൂസയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഗോസാവി ചതിക്കുകയാണെന്ന്് മനസിലാക്കിയതോടെ താന്‍ മുന്‍കൈയെടുത്ത് 50 ലക്ഷം രൂപ പൂജയ്ക്ക് തിരികെ നല്‍കിയെന്നും ഈ ഇടപാടില്‍ സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാം ഡിസൂസ വ്യക്തമാക്കി. അതിനിടെ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സാം ഡിസൂസ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ആര്യന്‍ കസ്റ്റഡിയിലായതിന് പിന്നാലെ ഷാരൂഖിന്റെ മാനേജര്‍ പൂജ ദദ്‌ലാനിയും ഗോസാവിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇടനിലക്കാരനായത് താനാണ്. ഒക്ടോബര്‍ മൂന്നാം തീയതി പുലര്‍ച്ചെയായിരുന്നു ഈ കൂടിക്കാഴ്ച. പൂജയും ഭര്‍ത്താവും ഗോസാവിയും താനും ലോവര്‍ പരേലില്‍വെച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് കാര്യങ്ങള്‍ നേരിട്ട് കണ്ട് സംസാരിച്ചത്. തുടര്‍ന്ന് താന്‍ അവിടെനിന്ന് മടങ്ങി. അല്പസമയത്തിന് ശേഷമാണ് ഗോസാവി പൂജ ദദ്‌ലാനിയില്‍നിന്ന് 50 ലക്ഷം രൂപം വാങ്ങിച്ചെന്ന വിവരമറിയുന്നത്. എന്നാല്‍ ഗോസാവി തട്ടിപ്പുകാരനാണെന്ന് മനസിലായതോടെ ഈ പണം താന്‍ മുന്‍കൈയെടുത്ത് തിരികെ നല്‍കിയെന്നും സാം ഡിസൂസ പറഞ്ഞു. 

ലഹരി പാര്‍ട്ടി കേസ് 

 നേരത്തെ കേസിലെ സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സാം ഡിസൂസയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ആര്യനെ കേസില്‍നിന്നൊഴിവാക്കാന്‍ സാം ഡിസൂസയും കെ പി ഗോസാവിയും തമ്മില്‍ 25 കോടിയുടെ ഡീല്‍ നടന്നതായും ഇതില്‍ എട്ട് കോടി സമീര്‍ വാംഖഡെയ്ക്കാണെന്ന് താന്‍ കേട്ടിരുന്നതായും പ്രഭാകര്‍ സെയില്‍ പറഞ്ഞിരുന്നു. കൈക്കൂലി ആരോപണം ഉയര്‍ന്നതോടെ സമീര്‍ വാംഖഡെയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചിരുന്നു. കേസിലെ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കെ.പി. ഗോസാവി ദിവസങ്ങള്‍ക്ക് മുമ്പ് പുണെ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. നേരത്തെ രജിസ്റ്റര്‍ ചെയ്ത ജോലിതട്ടിപ്പ് കേസിലാണ് ഗോസാവി അറസ്റ്റിലായത്. ഇതിനുപിന്നാലെയാണ് ഗോസാവിയുമായി പണമിടപാട് നടത്തിയെന്ന് ആരോപിച്ചിരുന്ന സാം ഡിസൂസ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. 

എസ് ഡബ്ല്യൂ എന്ന പേരില്‍ ഗോസാവി സെയിലിന്റെ ഫോണ്‍ നമ്പര്‍ മൊബൈലില്‍ സേവ് ചെയ്തിരുന്നു. ഇത് സമീര്‍ വാംഖഡെയുടെ നമ്പറാണെന്നാണ് പറഞ്ഞിരുന്നത്. തങ്ങളുടെ മുന്നില്‍വെച്ച് ഈ നമ്പറില്‍നിന്ന് ഗോസാവിക്ക് കോള്‍ വരികയും സംസാരിക്കുകയും ചെയ്തു. എന്നാല്‍ ട്രൂകോളറില്‍ പരിശോധിച്ചപ്പോള്‍ ഇത് ഗോസാവിയുടെ ബോഡിഗാര്‍ഡായ പ്രഭാകറിന്റെ നമ്പറാണെന്ന് കണ്ടെത്തി. ഇതോടെ ഗോസാവി പറ്റിക്കുകയാണെന്ന് മനസിലായി. 

പിന്നീട് ഗോസാവിക്ക് പണം കൈമാറിയെന്ന വിവരമറിഞ്ഞതോടെ മണിക്കൂറുകള്‍ക്കം തന്നെ താന്‍ സമ്മര്‍ദം ചെലുത്തി ഈ പണംതിരികെ നല്‍കിയെന്നും ഈ ഇടപാടിലൊന്നും സമീര്‍ വാംഖഡെയ്ക്ക് പങ്കില്ലെന്നും സാം ഡിസൂസ വിശദീകരിച്ചു. സമീര്‍ വാംഖഡെയുമായി ബന്ധമുണ്ടെന്ന വ്യാജേന ഗോസാവി പണം തട്ടിയെടുക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു. 

കപ്പലിലെ ലഹരിപാര്‍ട്ടിയെക്കുറിച്ച് തനിക്ക് ഒക്ടോബര്‍ ഒന്നാം തീയതി തന്നെ വിവരം ലഭിച്ചിരുന്നതായും ഡിസൂസ വെളിപ്പെടുത്തി. ഒക്ടോബര്‍ ഒന്നാം തീയതി സുനില്‍ പാട്ടീല്‍ എന്നയാളാണ് കപ്പലില്‍ ലഹരിപാര്‍ട്ടി നടക്കുമെന്നും ഇക്കാര്യം അറിയിക്കാന്‍ എന്‍.സി.ബി. ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി തരണമെന്നും ആവശ്യപ്പെട്ട് വിളിച്ചത്. തുടര്‍ന്ന് താന്‍ ഗോസാവിയെ വിവരമറിയിക്കുകയായിരുന്നു. 

കപ്പലില്‍നിന്ന് ആര്യനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഗോസാവി തന്നെ വിളിച്ചിരുന്നു. ആര്യന് മാനേജറുമായി സംസാരിക്കണമെന്നാണ് ഗോസാവി പറഞ്ഞത്. ആര്യനില്‍നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിട്ടില്ലെന്നും അതിനാല്‍ സഹായിക്കാനാകുമെന്നും പറഞ്ഞു. തുടര്‍ന്നാണ് പൂജ ദദ്‌ലാനിയെ വിളിച്ചുനല്‍കിയതെന്നും ഡിസൂസ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com