പുതിയ 'പപ്പ'യെ ഏറെ ഇഷ്ടം, 12കാരന്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചെന്ന് 31കാരന്‍; പൊളിച്ചടുക്കി പൊലീസ്, അച്ഛന്‍ അറസ്റ്റില്‍, സംഭവം ഇങ്ങനെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th November 2021 12:08 PM  |  

Last Updated: 04th November 2021 12:08 PM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: സെല്‍ഫി എടുക്കുന്നതിനിടെ മകന്‍ അബദ്ധത്തില്‍ വീണ് മരിച്ചതാണ് എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ മരണം കൊലപാതകമാണെന്ന അമ്മയുടെ പരാതിയില്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അച്ഛനാണ് ഇതിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ അച്ഛന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു.

സൂറത്തിലെ മക്കായ് പാലത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍ 12 വയസുകാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.പാലത്തിന്റെ കൈവരിയില്‍ നിന്ന് സെല്‍ഫി എടുക്കുന്നതിനിടെ മകന്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീണതാണെന്നാണ് അച്ഛന്‍ സയീദ് ഷെയ്ക്ക് ആദ്യം പൊലീസിനോട് പറഞ്ഞത്. കുട്ടി വീണ മാത്രയില്‍ തന്നെ കുട്ടിയെ രക്ഷിക്കണമെന്ന് പറഞ്ഞ് അച്ഛന്‍ അലമുറയിട്ട് കരഞ്ഞ് ആളെ കൂട്ടി. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. അഗ്നിശമന സേനയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെടുത്തത്.

കുട്ടിയുടെ മരണത്തില്‍ അമ്മ സംശയം ഉന്നയിച്ചു. ഭര്‍ത്താവ് മകന്‍ സാക്കിര്‍ ഷെയ്ക്കിനെ കൊലപ്പെടുത്തിയതാണ് എന്ന് ആരോപിച്ച് അമ്മ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  കുട്ടിയുടെ മരണത്തിന് പിന്നില്‍ സയീദ് ഷെയ്ക്കാണ് എന്ന് കണ്ടെത്തിയത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയതായും പൊലീസ് അറിയിച്ചു.

ഭാര്യയുമായി സയീദ് ഷെയ്ക്ക് പിരിഞ്ഞുകഴിയുകയാണ്. ഇവരുടെ രണ്ടുമക്കളില്‍ ഒരാളാണ് 12 വയസ്സുള്ള സാക്കിര്‍ ഷെയ്ക്ക്. മാതാപിതാക്കളോടൊപ്പമാണ് ഭാര്യ കഴിയുന്നത്. സാക്കിര്‍ ഷെയ്ക്ക് അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഭാര്യ മറ്റൊരാളുമായി അടുപ്പത്തിലായതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പുതിയ അച്ഛനെ ഇഷ്ടമാണെന്ന് മകന്‍ സാക്കിര്‍ പറഞ്ഞതാണ് സയീദിനെ കുപിതനാക്കിയത്. തുടര്‍ന്ന് കുട്ടിയെ കൊല്ലാന്‍ സയീദ് പദ്ധതി ഇടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഒക്ടോബറില്‍ ഭാര്യയോട് മടങ്ങിവരാന്‍ സയീദ് ആവശ്യപ്പെട്ടു. എന്നാല്‍ ഭാര്യ പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഭാര്യയെ ഭീഷണിപ്പെടുത്തിയ ശേഷം മകന്‍ സാക്കിറിനെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.