ക്ഷേത്രത്തില്‍ ബിജെപി നേതാക്കളെ ബന്ദികളാക്കി കര്‍ഷകര്‍
ക്ഷേത്രത്തില്‍ ബിജെപി നേതാക്കളെ ബന്ദികളാക്കി കര്‍ഷകര്‍

അര മണിക്കൂറിനുള്ളില്‍ മാപ്പുപറയണം; മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ക്ഷേത്രത്തിലെത്തിയ ബിജെപി നേതാക്കളെ ബന്ദികളാക്കി കര്‍ഷകര്‍

ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഗ്രോവര്‍ മാപ്പുപറയണമെന്നും കര്‍ഷകര്‍ പറഞ്ഞു.


ചണ്ഡിഗഡ്: കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം  ലൈവായി കാണാന്‍ ക്ഷേത്രത്തിലെത്തിയ ബിജെപി നേതാക്കളെ കര്‍ഷകര്‍ വളഞ്ഞു. ആറ് മണിക്കൂറോളം നേരമായി മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മനീഷ് ഗ്രോവര്‍ അടങ്ങിയ ആളുകളെ കര്‍ഷകര്‍ ബന്ദികളാക്കിയിരിക്കുകയാണ്. കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ഗ്രോവര്‍ മാപ്പുപറയണമെന്നും കര്‍ഷകര്‍ പറഞ്ഞു.

ഗുഡ്ഗാവില്‍ നിന്ന് 78 കിലോമീറ്റര്‍ അകലെ റോഹ്തക് ജില്ലയിലെ കിലോയ് ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് നേതാക്കളെ കര്‍ഷകര്‍ തടഞ്ഞുവച്ചത്. സ്ഥിതിഗിതികള്‍ നിയന്ത്രിക്കാന്‍ മറ്റ് ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി പൊലീസ് പറഞ്ഞു. രണ്ടു പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ക്ഷേത്രത്തിന്റെ ചുറ്റുംപാടും കര്‍ഷകര്‍ തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഗ്രോവറിന് മാപ്പുപറയാന്‍ അരമണിക്കൂര്‍ സമയം കര്‍ഷകര്‍ അനുവദിച്ചിട്ടുണ്ട്.

‘കര്‍ഷകര്‍ തൊഴിലില്ലാത്ത മദ്യപര്‍’; എംപിയുടെ കാർ തകര്‍ത്തു

നേരത്തെ, ബിജെപി എംപിയുടെ വാഹനം ഹരിയാനയില്‍ പ്രതിഷേധക്കാര്‍ തകര്‍ത്തിരുന്നു. ഹിസാര്‍ ജില്ലയിലെ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു സംഭവം. നര്‍നൗണ്ട് നഗരത്തില്‍ എംപിക്കെതിരെ മുദ്രാവാക്യം വിളിച്ച കര്‍ഷകര്‍ അദ്ദേഹത്തിനുനേരെ കരിങ്കൊടി കാണിച്ചു. പൊലീസും കര്‍ഷകരുമായുള്ള സംഘര്‍ഷത്തിനിടെയാണ് എംപിയുടെ കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നത്.

കര്‍ഷകരെ 'തൊഴിലില്ലാത്ത മദ്യപര്‍' എന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാവും രാജ്യസഭാ എംപിയുമായ രാം ചന്ദര്‍ ജാംഗ്ര പരിഹസിച്ചിരുന്നു.കര്‍ഷകരല്ല, ചില ദുഷ്ട ശക്തികളാണ് സമരത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നത്. ഡല്‍ഹിയിലെ ടെന്റുകള്‍ മിക്കതും ഒഴിഞ്ഞു കിടക്കുകയാണ്. പ്രശ്‌നം ഉടനെ തീരുമെന്നും എംപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ എംപിയ്ക്ക് നേരെ പ്രതിഷേധിച്ചത്.

കര്‍ഷകരെ നിയന്ത്രിക്കാന്‍ പൊലീസ് ബാരിക്കേഡുകള്‍ വച്ചിരുന്നെങ്കിലും, എംപി പങ്കെടുക്കുന്ന ചടങ്ങിന്റെ വേദിക്കരികിലേക്കു പോകാന്‍ കര്‍ഷകര്‍ ശ്രമിച്ചു. പ്രാദേശിക സര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളികളുണ്ടായിരുന്നു. ജാംഗ്രയുടെ അനുയായികള്‍ അദ്ദേഹത്തിന് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി തിരിച്ചടിച്ചു. ഇതോടെ സംഘര്‍ഷം കടുക്കുകയായിരുന്നു.തന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന് എംപി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com