ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടു, വീട്ടില്‍ ഒറ്റയ്ക്ക്; തൊഴിലുടമയുടെ ഭാര്യയെ കഴുത്തുഞെരിച്ചു, വൈദ്യുതാഘാതമേല്‍പ്പിച്ച് കൊന്നു, ഡ്രൈവര്‍ പിടിയില്‍

ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരില്‍ ഡ്രൈവര്‍ മുന്‍ തൊഴിലുടമയുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യുഡല്‍ഹി: ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരില്‍ ഡ്രൈവര്‍ മുന്‍ തൊഴിലുടമയുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വൈദ്യുതാഘാതമേല്‍പ്പിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ കുറ്റസമ്മതം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹി ബുറാരി മേഖലയിലാണ് സംഭവം. ഡല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറുടെ മുന്‍ ഡ്രൈവറാണ് പ്രതി. രാകേഷാണ് അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യയുടെ കൊലപാതകത്തില്‍ പിടിയിലായത്. 

അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യ പിങ്കി ഒറ്റയ്ക്കാണ് എന്ന് മനസിലാക്കി വീട്ടിലെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്ന് വര്‍ഷം മുന്‍പാണ് അസിസ്റ്റന്റ് പ്രൊഫസറുടെ ഡ്രൈവറായി രാകേഷ് ജോലിക്ക് കയറിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി തനിക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്ന് രാകേഷ് പൊലീസിന് മൊഴി നല്‍കി. ഏകദേശം മൂന്ന് ലക്ഷം രൂപ ശമ്പളയിനത്തില്‍ കിട്ടാനുണ്ട്. ഇത് ചോദിച്ചപ്പോള്‍ രാകേഷിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടാന്‍ പിങ്കി ആവശ്യപ്പെട്ടു. വീട്ടിലെ താമസം ഒഴിവാക്കി പുറത്തുപോകാനും പിങ്കി പറഞ്ഞു. ഇതില്‍ പ്രകോപിതനായ രാകേഷ് കൊലപാതകം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 

പിങ്കി വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കി എത്തിയ രാകേഷ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചതായും പൊലീസ് പറയുന്നു. രാകേഷ് മദ്യലഹരിയിലായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com