കോവിഡിനെ വരുതിയിലാക്കാന്‍ മരുന്ന്, മോള്‍നുപിരവിര്‍ ഗുളികയ്ക്ക് ഉടന്‍ അനുമതി?; കേന്ദ്രസര്‍ക്കാര്‍ പരിഗണനയില്‍ 

കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി വികസിപ്പിച്ച ആന്റിവൈറല്‍ മരുന്നിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യുഡല്‍ഹി: കോവിഡ് ബാധിച്ചവര്‍ക്കുള്ള ചികിത്സയ്ക്കായി വികസിപ്പിച്ച ആന്റിവൈറല്‍ മരുന്നിന് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തന്നെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കും. അമേരിക്കന്‍ ഫാര്‍മ കമ്പനി മെര്‍ക്ക് നിര്‍മ്മിച്ച'മോള്‍നുപിരവിര്‍' എന്ന ആന്റിവൈറല്‍ ഗുളികയ്ക്ക് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മറ്റു രാജ്യങ്ങളും അനുമതി നല്‍കാന്‍ നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇന്ത്യയില്‍ ആദ്യമായാണ് കോവിഡ് ചികിത്സയ്ക്കായി ഒരു ആന്റി വൈറല്‍ ഗുളിക ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ പോകുന്നത്. ദിവസങ്ങള്‍ക്കം മോള്‍നുപിരവിറിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയേക്കുമെന്ന്് സിഎസ്‌ഐആര്‍ കോവിഡ് സ്ട്രാറ്റജി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രാം വിശ്വകര്‍മ്മ എന്‍ഡിടിവിയോട് പറഞ്ഞു. കോവിഡ് ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ള പ്രായപൂര്‍ത്തിയായവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിച്ചുള്ളതാണ് മരുന്ന്. മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ പാക്‌സ്ലോവിഡിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ കുറച്ചുകൂടി സമയം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

മോള്‍നുപിരവിര്‍ ഗുളിക

മോള്‍നുപിരവിര്‍ ഇന്ത്യയില്‍ ഉടന്‍ തന്നെ ലഭ്യമായേക്കും. മരുന്ന് നിര്‍മ്മാതാക്കളുമായി അഞ്ചുകമ്പനികള്‍ ചര്‍ച്ച നടത്തിവരികയാണ്. അനുമതി ലഭിക്കുന്ന മുറയ്ക്ക് മരുന്ന് വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ മരുന്ന് നിര്‍മ്മിച്ച് വിതരണം ചെയ്യാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. 

ഫ്‌ലൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് സൂചന. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ് അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com