തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍; മഴക്കെടുതിയില്‍ മരണം 12 ആയി; 13 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
ചിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ്
ചിത്രം: ന്യൂ ഇന്ത്യൻ എക്സ്പ്രസ്

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി കരയിലേക്ക് അടുക്കുന്നതിനിടെ, തമിഴ്‌നാട്ടില്‍ മഴ വീണ്ടും ശക്തമായി. ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. 16 മണിക്കൂറായി ശക്തമായ മഴ തുടരുകയാണ്. പോണ്ടിച്ചേരിയിലും തെക്കന്‍ ആന്ധ്രാ തീരത്തും ശക്തമായ മഴ തുടരുകയാണ്. 

മഴക്കെടുതിയില്‍ തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ചെന്നൈ, തിരുവാളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചീപുരം ജില്ലകളില്‍ അടുത്ത മൂന്നു മണിക്കൂര്‍ ഇടിയോടു കൂടിയ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. തിരുവാളൂര്‍, കല്ലക്കുറിച്ചി, സേലം, വെല്ലൂര്‍, തിരുപ്പട്ടൂര്‍, റാണിപേട്ട്, തിരുവണ്ണാമലൈ തുടങ്ങിയ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 

കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 13 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയുടെയും ന്യൂനമര്‍ദ്ദത്തിന്റെയും മുന്നറിയിപ്പിന്‍രെ പശ്ചാത്തലത്തില്‍ ചെങ്കല്‍പേട്ട് ജില്ലാ ഭരണകൂടം വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടയ്ക്കാന്‍ ഉത്തരവിട്ടു. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈയില്‍ സ്‌കൂളുകളും കോളജുകളും ഓണ്‍ലൈന്‍ ക്ലാസ്സുകളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി. 

കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വ്യാപക കൃഷിനാശം ഉണ്ടായിട്ടുണ്ട്. തിരുവാരൂരില്‍ 50,000 ഏക്കര്‍ ഭൂമിയിലെ കൃഷി നശിച്ചതായി കര്‍ഷകര്‍ പറഞ്ഞു. നാഗപട്ടണത്ത് 25,000 ഏക്കര്‍ കൃഷിയും നശിച്ചു. മഴ കനത്തതോടെ അണക്കെട്ടുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് കളയുകയാണ്. മഴക്കെടുതി നേരിടുന്നതിനായി 11 ദേശീയ ദുരന്ത നിവാരണ സംഘത്തെയും ഏഴ് സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com