പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

ചിന്മയ വിദ്യാലയത്തിലെ ഫിസിക്‌സ് അധ്യാപകന്‍ മിഥുന്‍ ചക്രബര്‍ത്തിയാണ് അറസ്റ്റിലായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ചിന്മയ വിദ്യാലയത്തിലെ ഫിസിക്‌സ് അധ്യാപകന്‍ മിഥുന്‍ ചക്രബര്‍ത്തിയാണ് അറസ്റ്റിലായത്. സ്‌പെഷ്യല്‍ ക്ലാസിനെന്ന രീതിയില്‍ വിളിച്ചുവരുത്തി അധ്യാപകന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 

രണ്ട് ദിവസം മുന്‍പാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ എസ്എഫ്‌ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, തുടങ്ങിയ സംഘടനകള്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.  പരാതി സ്‌കൂള്‍ അധികൃതര്‍ ഒതുക്കിത്തീര്‍ത്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നാലെയാണ് അധ്യാപകന്‍ അറസ്റ്റിലായത്. 

അധ്യാപകനെതിരെ പെണ്‍കുട്ടി പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോപിച്ചു. വാട്‌സാപ്പിലൂടെ ബന്ധം  സ്ഥാപിച്ചതിന് പിന്നാലെ അധ്യാപകന്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നെന്നണ് റിപ്പോര്‍ട്ടുകള്‍.


ഒന്നിലധികം തവണ പെണ്‍കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി പൊലിസ് പറഞ്ഞു. ഏപ്രില്‍ മാസത്തില്‍ സ്‌പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി ഇയാള്‍ പീഡിപ്പിച്ചെന്നാണ് വിവരം. പെണ്‍കുട്ടി സംഭവം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ ഇയാളെ പുറത്താക്കുകയും പ്രിന്‍സിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

സ്‌കൂളില്‍ നിന്ന് ട്രാന്‍സ്ഫര്‍ വാങ്ങിയ പെണ്‍കുട്ടി അടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നു.സംഭവത്തിന് ശേഷം മാനസിക വിഷമത്തിലായിരുന്ന പെണ്‍കുട്ടിക്ക് പുതിയ സ്‌കൂള്‍ അധികൃതര്‍ കൗണ്‍സലിങ് അടക്കം നല്‍കി വരുകയായിരുന്നു. അധ്യാപകന്റെ ലൈംഗികാതിക്രമവും ആവര്‍ത്തിച്ചുള്ള പീഡനവും കാരണം പെണ്‍കുട്ടി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തും മാതാപിതാക്കളും ആരോപിച്ചു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വീട്ടില്‍ തനിച്ചായ പെണ്‍കുട്ടി സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്തിന് ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ഏഴ് മണിയോടെ സുഹൃത്ത് തിരിച്ചു വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. ഇതോടെ സുഹൃത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇരുവരും ചേര്‍ന്നാണ് അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളില്‍ പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അധ്യാപകനെതിരേ ഐപിസി 306 (ആത്മഹത്യ പ്രേരണ), സെക്ഷന്‍ 9 (എല്‍) (കുട്ടിയെ ഒന്നിലധികം തവണ അല്ലെങ്കില്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുക) എന്നിവ പ്രകാരവും പോക്‌സോ നിയമപ്രകാരവും കേസെടുത്തിരുന്നു. അധ്യാപകന് പുറമേ മറ്റ് രണ്ട് പേരുടെ പേരും പെണ്‍കുട്ടി ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരേ ഇതുവരെ കേസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com