ലഖിംപൂര്‍ സംഘര്‍ഷം: ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍ അന്വേഷണ മേല്‍നോട്ടം വഹിക്കും; പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ചു

മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി
ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ, സുപ്രീം കോടതി / ഫയൽ
ജസ്റ്റിസ് രാകേഷ് കുമാർ ജെയിൻ, സുപ്രീം കോടതി / ഫയൽ

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് റിട്ടയേഡ് ജഡ്ജി രാകേഷ് കുമാര്‍ ജെയിന്‍ മേല്‍നോട്ടം വഹിക്കുമെന്ന് സുപ്രീംകോടതി. പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍. കേസന്വേഷണത്തില്‍ സുതാര്യതയും നീതിയും സമ്പൂര്‍ണ്ണ നിഷ്പക്ഷതയും ഉറപ്പാക്കുമെന്ന് കോടതി വ്യക്തമാക്കി. 

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തെയും സുപ്രീംകോടതി പുനഃസംഘടിപ്പിച്ചു. മൂന്ന് മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ സംഘത്തില്‍ ഉള്‍പ്പെടുത്തി. എസ് ബി ഷിരോദ്കര്‍, ദീപീന്ദര്‍ സിങ്, പദ്മജ ചൗഹാന്‍ എന്നിവരെയാണ് പുതുതായി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. 

ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടരുമെന്നും, പുതിയ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 

യു പി സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേല്‍നോട്ടത്തിന് റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോള്‍, അന്വേഷണത്തിലെ മെല്ലെപ്പോക്കില്‍ യുപി പൊലീസിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

ലഖിംപുര്‍ ഖേരിയില്‍ നടന്ന സംഘര്‍ഷത്തില്‍ നാലു കര്‍ഷകര്‍ ഉള്‍പ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് കുമാര്‍ മിശ്രയും സംഘവും വാഹനം ഓടിച്ച് കയറ്റിയെന്നാണ് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നത്. നാലു പേരെ സമരക്കാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബിജെപിയും ആരോപിച്ചിരുന്നു 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com